Current Date

Search
Close this search box.
Search
Close this search box.

യു.കെയുടെ കപ്പല്‍ ഇറാന്‍ പിടിച്ചടക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: തങ്ങളുടെ ചരക്കുക്കപ്പല്‍ ഇറാന്‍ കപ്പല്‍ പിടിച്ചടക്കാന്‍ ശ്രമം നടത്തിയതായി ബ്രിട്ടന്‍ അറിയിച്ചു. ഹൊര്‍മൂസ് കടലിടുക്കില്‍ വെച്ച് മൂന്ന് ഇറാന്‍ ചെറുകപ്പലുകള്‍ ചേര്‍ന്ന് പിടിച്ചടക്കാന്‍ ശ്രമം നടത്തിയെന്നും എന്നാല്‍ ശ്രമം പരാജയപ്പെട്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. യു.കെ ചരക്കു കപ്പലിന്റെ യാത്ര തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ പരസ്പര വാഗ്വാദങ്ങള്‍ നടക്കുകയും ബ്രിട്ടന്റെ ഭാഗത്തു നിന്ന് വാക്കാലുള്ള മുന്നറിയിപ്പുകള്‍ ഉണ്ടായപ്പോള്‍ ഇറാന്‍ സംഘം പിരിഞ്ഞു പോവുകയാണുണ്ടായതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വ്യാഴാഴ്ചയാണ് ബ്രിട്ടന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് ഹെരിറ്റേജ് എന്ന ചരക്കു കപ്പലിന്റെ കൂടെ യു.കെ നാവിക കപ്പലും ഉണ്ടായിരുന്നു. അവരാണ് മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ബ്രിട്ടന്റെ വാദം തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ അവകാശവാദങ്ങള്‍ ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സും റിപ്പോര്‍ട്ട് നിഷേധിച്ചു.

കഴിഞ്ഞയാഴ്ച ബ്രിട്ടന്റെ കടല്‍തീരമായ ജിബ്രാള്‍ട്ടറില്‍ വെച്ച് ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ തടഞ്ഞുവെച്ചിരുന്നു. കപ്പല്‍ വിട്ടയച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles