Current Date

Search
Close this search box.
Search
Close this search box.

വനിതകള്‍ക്ക് ഫുട്‌ബോള്‍ മത്സരം കാണാന്‍ ഇറാന്‍ അനുമതി നല്‍കി

തെഹ്‌റാന്‍: വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌റ്റേഡിയത്തില്‍ ആരവങ്ങളും ആര്‍പ്പുവിളികളുമായി ഇറാനിലെ വനിതകള്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തി. കഴിഞ്ഞ ദിവസം തെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തില്‍ വച്ചു നടന്ന ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം കാണാനാണ് നൂറുകണക്കിന് ഫുട്‌ബോള്‍ ആരാധികമാര്‍ ഗ്യാലറികളില്‍ നിറഞ്ഞത്.

40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇറാന്‍ വനിതകള്‍ക്ക് പുരുഷന്മാരുടെ ഫുട്‌ബോള്‍ മത്സരം സ്‌റ്റേഡിയത്തിലെത്തി കാണുന്നതിന് അനുമതി നല്‍കുന്നത്. 1979നുശേഷം ഇതുവരെയായി ഇറാനില്‍ പുരുഷന്മാരുടെ കായിക വിനോദങ്ങള്‍ നേരിട്ട് കാണാന്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.

ഇറാനിയന്‍ ക്ലബ്ബായ പെര്‍സിപോളിസും ജപ്പാന്റെ കാഷിമ അന്‍തലേര്‍സും തമ്മിലായിരുന്നു മത്സരം. പെര്‍സിപോളിസിന് പിന്തുണയുമായി ഇറാന്റെയും ക്ലബ്ബിന്റെയും പതാകകളും തോരണങ്ങളും ഉയര്‍ത്തിയാണ് വനിത ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തിയത്. ഇറാനിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഒന്നാണിത്.

കഴിഞ്ഞ മാസം ഇറാനും ബൊളീവിയയും തമ്മില്‍ നടന്ന സൗഹൃദ മത്സരം കാണുന്നതിനും ഇറാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിരുന്നു. സ്ത്രീകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഇപ്പോള്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഭാവിയില്‍ ഇതു പൂര്‍ണമായി മാറുമെന്നാണ് പ്രതീക്ഷയെന്നും 40 വര്‍ഷങ്ങള്‍ക്കു ശേഷമെടുത്ത മികച്ച നടപടിയാണിതെന്നും ഘട്ടം ഘട്ടമായി എല്ലാ വനിതകള്‍ക്കും പ്രവേശനം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഇറാന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീം വനിത കോച്ച് കതായൂന്‍ പറഞ്ഞു.

Related Articles