Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ പ്രക്ഷോഭം: ശത്രുക്കളുടെ ഗൂഢാലോചനയാണെന്ന് ഹസന്‍ റൂഹാനി

തെഹ്‌റാന്‍: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇറാനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭത്തെ വിമര്‍ശിച്ച് പ്രസിഡന്റ് ഹസന്‍ റൂഹാനി. പ്രക്ഷോഭത്തിന് പിന്നില്‍ ശത്രുക്കളുടെ ഗൂഢാലോചനയുണ്ടെന്നാണ് ഇതിനോടകം 100 പേര്‍ കൊല്ലപ്പെട്ട സമരത്തെക്കുറിച്ച് റൂഹാനി വിമര്‍ശിച്ചത്. ശത്രുക്കളുടെ ഗൂഢാലോചനക്കെതിരെ ഞങ്ങളുടെ ജനം വിജയിച്ചെന്നും ബുധനാഴ്ച സ്‌റ്റേറ്റ് ടെലിവിഷനിലൂടെ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ഇറാനില്‍ പെട്രോള്‍ വില മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതിനും പെട്രോളിന് റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതിനുമെതിരെ ആയിരത്തോളം വരുന്ന ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തില്‍ പൊലിസുമായുണ്ടായ ഏറ്റുമുട്ടലിലാണ് 100ലധികം പേര്‍ കൊല്ലപ്പെട്ടത്.

അതേസമയം, സര്‍ക്കാരിന് പിന്തുണയുമായി ഒരു വിഭാഗവും റാലിയുമായി തെരുവിലിറങ്ങിയിട്ടുണ്ട്. ആയിരങ്ങളാണ് സര്‍ക്കാര്‍ അനുകൂല റാലിയില്‍ പങ്കാളികളായതെന്നാണ് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Related Articles