Current Date

Search
Close this search box.
Search
Close this search box.

‘വർണവെറിയൻ’ ഇസ്രായേലിനെതിരെ നടപടി സ്വീകരിക്കണം -ഇറാൻ

തെഹ്റാൻ: വർണവെറിയൻ രാഷ്ട്രമായ ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ നടത്തികൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ യു.എന്നിനോടും മുസ്​ലിം രാഷ്ട്രങ്ങളോടും ആഹ്വാനം ചെയ്ത് ഇറാൻ. ഇറാൻ ഫലസ്തീനികൾക്കൊപ്പം നിൽക്കുമെന്ന് ഉന്നത സൈനിക കമാൻ‍ഡർ വ്യക്തമാക്കിയിരുന്നു. നിലവിൽ ജുഡീഷ്യറി മേധാവി ഇബ്റാഹീം റൈസി നേതൃത്വം നൽകുന്ന, വിവിധ മന്ത്രിമാരടങ്ങുന്ന പരമോന്നത ദേശീയ സുരക്ഷാ സമിതിക്ക് കീഴിലുള്ള ഇറാൻ ഉന്നത മനുഷ്യാവകാശ സമിതി ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന വംശഹത്യകൾ, വംശീയ ഉന്മൂലനങ്ങൾ എന്നിവക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസിന് ഞായറാഴ്ച കത്തെഴുതി.

നിശ്ശബ്ദതയും അവ്യക്തമായ പ്രസ്താവനകളും ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് പിന്തുണ നൽകുകയാണെന്ന് കത്തിൽ പറയുന്നു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. മനുഷ്യരാശിക്കും യുദ്ധക്കുറ്റങ്ങൾക്കുമെതിരായ ഇസ്രായേൽ കുറ്റകൃത്യങ്ങൾ തിരിച്ചറിയാനും, യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നതിന് കമ്മീഷൻ രൂപവത്കരിക്കാനും, എല്ലാ അം​ഗരാജ്യങ്ങളുടെ ശ്രദ്ധ ആകർഷിക്കാനും, മനുഷ്യാവകാശ സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്താനും സമിതി യു.എന്നിനോട് ആവശ്യപ്പെട്ടു.

​ഗസ്സ മുനമ്പിലെ ഇസ്രായേലിന്റെ ഏറ്റവും പുതിയ ആക്രമണം തുടർച്ചയായ ഏഴാം ദിനത്തിന്റെ ബാക്കിപത്രമാണ്. ഇസ്രായേൽ ആക്രമണത്തിൽ 58 കുട്ടികളുൾപ്പെടെ 192 പേർ കൊല്ലപ്പെട്ടു. ഹമാസ് പോരാളികൾ വിക്ഷേപിക്കുന്ന റോക്കറ്റുകൾക്കെതിരെ പ്രതിരോധം തീർക്കുന്നുവെന്നാണ് ഇസ്രായേൽ ഭാഷ്യം. അധിനിവേശ കിഴക്കൻ ജറൂസലമിലെ ഫലസ്തീനികളെ അടിച്ചൊതുക്കുകയും, അൽ അഖ്സയിൽ അതിക്രമം നടത്തുകയും ചെയ്തതിന്റെ പ്രതികരണമാണിതെന്ന് ഹമാസ് വ്യക്തമാക്കി.

Related Articles