Current Date

Search
Close this search box.
Search
Close this search box.

ഒടുവില്‍ സമ്മതം, യുക്രൈന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തതെന്ന് ഇറാന്‍

തെഹ്‌റാന്‍: ഏറെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ ഇറാന്റെ കുറ്റസമ്മതം. കഴിഞ്ഞ ദിവസം 176 യാത്രക്കാര്‍ കൊല്ലപ്പെട്ട യുക്രൈന്‍ വിമാനം തങ്ങള്‍ അബദ്ധത്തില്‍ തകര്‍ത്തതാണെന്ന സ്ഥിരീകരണവുമായി ഇറാന്‍. മാനുഷികമായ പിഴവാണ് സംഭവിച്ചതെന്നും ശനിയാഴ്ച ഇറാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശത്രുക്കളെ ലക്ഷ്യം വെച്ച് അബദ്ധത്തില്‍ തെറ്റിദ്ധരിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് ഇറാന്‍ പ്രസ്താവനയില്‍ അറിയിച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. തന്ത്രപ്രധാനമായി സൈനിക സൈറ്റിനും സമീപത്ത് വെച്ചാണ് വിമാനം തകര്‍ന്നു വീണതെന്ന് ഇറാന്‍ ആംഡ് ഫോഴ്‌സ് വക്താവിനെ ഉദ്ധരിച്ച് പ്രസ് ടി.വിയും റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ ഇമാം ഖമനി രാജ്യാന്തര വിമാനത്താവളത്തില്‍ ജനുവരി എട്ടിനായിരുന്നു അപകടം. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് യുക്രൈയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനം തകര്‍ന്നു വീണത്. തെഹ്റാനില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു യാത്രാവിമാനം. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെടുകയായിരുന്നു. ഇറാഖിലെ യു.എസ്. സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ അപകടവും. അതാണ് വിവിധ കോണുകളില്‍ നിന്നും ഇറാനെതിരെ സംശയമുയരാന്‍ കാരണമായത്.

യു.എസ് യുദ്ധവിമാനമാവാം എന്ന് കരുതി ഇറാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടതാവാമെന്ന് യു.എസ് ആണ് ആദ്യം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. പിന്നാലെ, കാനഡയും യു.കെയും ആരോപണമുയര്‍ത്തി. എന്നാല്‍ ഇറാന്‍ ആദ്യഘട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്.

Related Articles