Current Date

Search
Close this search box.
Search
Close this search box.

അന്താരാഷ്ട്ര സഹായം സൈന്യത്തെ സഹായിക്കുമെന്ന് സുഡാനികള്‍

ഖാര്‍തൂം: വികസനത്തിന്റെ ഭാഗമായി സര്‍ക്കാറിന് ധനസഹായം നല്‍കുന്നത് പുനഃരാരംഭിക്കരുതെന്ന് വന്‍ശക്തി രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ട് സുഡാനിലെ പ്രതിഷേധക്കാര്‍. ഒക്ടോബര്‍ 25ലെ അട്ടിമറിയെ നിയമാനുസൃതമാക്കുകയും, ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിന്റെ പരിവര്‍ത്തിനത്തെ നശിപ്പിക്കുകയും ചെയ്യുമെന്ന ഭയമാണ് സുഡാന്‍ പൗരന്മാരെ ഇത്തരമൊരു നിലപാടിലേക്ക് നയിച്ചിരിക്കുന്നത്.

സൈന്യം പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കുകയും, നവംബര്‍ 22ന് അധികാരത്തില്‍ പുനഃസ്ഥാപിക്കുകയും ചെയ്തതിന് ശേഷമാണ് സഹായം പുനഃരാരംഭിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ച പുരോഗമിച്ചത്. ഹംദോകിന്റെ നടപടി സൈനിക നേതാവ് അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ അധികാരം പിടിച്ചെടുത്തതിനെ അംഗീകരിക്കുന്നതാണെന്ന് ജനാധിപത്യ അനുകൂല പ്രസ്ഥാനത്തെ നയിക്കുന്ന സുഡാന്‍ പ്രതിരോധ കമ്മിറ്റി പറഞ്ഞു. സൈന്യത്തിന് സഹായം ലഭ്യമാക്കരുതെന്ന് ആക്ടിവിസ്റ്റുകള്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ജനതയുടെയും പ്രതിഷേധക്കാരുടെയും താല്‍പര്യം മാനിച്ച്, അന്താരാഷ്ട്ര സമൂഹം ഒരു നിലക്കും ഈ സര്‍ക്കാറിനെ പിന്തുണക്കരുത്. ഈ സര്‍ക്കാറിന് വന്നെത്തുന്ന ഏതൊരു സഹായവും അട്ടിമറിയെ പിന്തുണക്കും. ഇത് ജനതക്ക് പ്രയോജനപ്പെടില്ല -ഖാര്‍തൂമിലെ പ്രതിരോധ കമ്മിറ്റി പ്രതിനിധിയായ സുഹൈര്‍ അദ്ദാലി അല്‍ജസീറയോട് പറഞ്ഞു.

കഴിഞ്ഞ മാസം 650 മില്യണ്‍ ഡോളര്‍ അന്താരാഷ്ട്ര സഹായം ലഭ്യമാകാത്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ സര്‍ക്കാറിന് വലിയ തോതില്‍ ആവശ്യമാണെന്ന് സുഡാന്‍ ധനകാര്യ മന്ത്രി ജിബ്രീല്‍ ഇബ്‌റാഹീം അടുത്തിടെ അറിയിച്ചിരുന്നു. അട്ടിമറിയെ തുടര്‍ന്ന് അന്താരാഷ്ട്ര നാണയ നിധിയും, ലോക ബാങ്കും ധനസഹായം നിര്‍ത്തിവെക്കുകയായിരുന്നു. സഹായം മരവിപ്പിക്കുന്നത് വരും ആഴ്ചകളില്‍ ഭക്ഷണം, മരുന്ന് തുടങ്ങിയ സുപ്രധാന ഇറക്കുമതി ഉറപ്പാക്കുന്നതില്‍ സര്‍ക്കാറിന് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles