Current Date

Search
Close this search box.
Search
Close this search box.

ബാബരി ദിനത്തില്‍ ഈദ്ഗാഹ് മസ്ജിദില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ച് ഹിന്ദു മഹാസഭ നേതാവ്

മഥുര: ബാബരി ദിനത്തില്‍ ഈദ്ഗാഹ് മസ്ജിദില്‍ മനപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ച് ഹിന്ദു മഹാസഭ നേതാവ്. മഥുരയിലെ ഷാഹി മസ്ജിദ് ഈദ്ഗാഹിലാണ് ഹനുമാന്‍ ചാലിസ ചൊല്ലാന്‍ പദ്ധതിയിട്ട് ഹിന്ദുത്വ സംഘടനയായ അഖില ഭാരത് ഹിന്ദു മഹാസഭ നേതാവ് രംഗത്തെത്തിയത്. ഇദ്ദേഹത്തെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് മുസ്ലീം പള്ളിയില്‍ ഹിന്ദു പ്രാര്‍ത്ഥന ചൊല്ലാന്‍ മഥുര നിവാസികളോട് ഹിന്ദു മഹാസഭ ആഹ്വാനം ചെയ്തിരുന്നു.

സംഘടനയുടെ ആഗ്ര മേഖലയുടെ ചുമതലയുള്ള സൗരഭ് ശര്‍മയെ ചൊവ്വാഴ്ച രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ അറസ്റ്റ് ചെയ്തതായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ്(സിറ്റി) മാര്‍ത്താണ്ഡേ സിംഗ് പറഞ്ഞു. സംഘടനയുടെ എട്ട് നേതാക്കളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവരുടെ വീടുകളില്‍ തടങ്കലില്‍ വച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.

മുസ്ലിംകള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹിന്ദു വ്യവഹാരക്കാര്‍ മഥുര കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനാല്‍ ഷാഹി മസ്ജിദ് ഈദ്ഗാഹ് മസ്ജിദിനെ ചുറ്റിപറ്റി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പതിവു പോലെ ഇവിടെ കനത്ത പൊലിസ് സുരക്ഷയിലാണ് അരാധന കര്‍മങ്ങള്‍ നടക്കുന്നത്. ഹിന്ദു ദൈവമായ കൃഷ്ണന്റെ ജന്മസ്ഥലമാണ് ഈ സ്ഥലമെന്നാണ് ഹിന്ദുത്വ ശക്തികള്‍ അവകാശപ്പെടുന്നത്.

Related Articles