Current Date

Search
Close this search box.
Search
Close this search box.

ഇന്തോനേഷ്യയെ നക്കിത്തുടച്ച് സുനാമി; 400ലേറെ മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സംഹാരതാണ്ഡവമാടി ഭൂകമ്പവും സുനാമി തിരമാലയും. ശനിയാഴ്ച ആരംഭിച്ച സുനാമി തിരകള്‍ 400ലേറെ പേരുടെ ജീവനാണെടുത്തത്. സുലവേസി ദ്വീപിലാണ് സുനാമി തിരകള്‍ നക്കിത്തുടച്ചത്. അഞ്ഞൂറിലധികേ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ സേന അറിയിച്ചത്.

പലു നഗരത്തിലാണ് സുനാമി ആഞ്ഞടിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദുരന്ത മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്തത് മരണ സംഖ്യ വര്‍ധിക്കാന്‍ ഇടയാക്കി. ഏകദേശം മൂന്നര ലക്ഷം ജനങ്ങളാണ് പലു നഗരത്തിലുള്ളത്. സുനാമിക്കു പിന്നാലെയുണ്ടായ ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ദുരന്തത്തെത്തുടര്‍ന്ന് പലു മേഖലക്കു ചുറ്റും വൈദ്യുതി-മറ്റു കമ്യൂണിക്കേഷന്‍സ് ബന്ധങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഇവിടെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. പ്രദേശത്തെ അധികൃതരും ജനങ്ങളും പേടിച്ചരണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ ആശുപത്രികളെല്ലാം പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഇന്തോനേഷ്യയില്‍ ഇടക്കിടെ ഭൂകമ്പവും സുനാമിയും ഉണ്ടാകാറുണ്ട്.

 

Related Articles