Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധം വ്യാപിക്കുന്നു; ഇന്തോനേഷ്യയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പപ്പ്വ മേഖലയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനെത്തുടര്‍ന്ന് മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. പ്രതിഷേധം ആക്രമാസക്തമായതിനെത്തുടര്‍ന്ന് ജയില്‍ തകര്‍ക്കാനും ശ്രമം നടന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സര്‍ക്കാറും ജനങ്ങളും തമ്മിലുളള സംഘര്‍ഷം മാറ്റമില്ലാതെ തുടരുന്നത് പപ്പ്വ മേഖലയെ അശാന്തിയിലാഴ്ത്തിയിരിക്കുകയാണ്.

പപ്വ വംശജരായ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലിസിന്റെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ പൊതുകെട്ടിടങ്ങള്‍ക്ക് തീയിടുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. പപ്വ പ്രവിശ്യയുടെ തലസ്ഥമായ മനോക്വാരിയില്‍ പാര്‍ലമെന്റ് കെട്ടിടത്തിനും കടകള്‍ക്കും തീയിട്ടു. സംഘര്‍ഷത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. യുവജനങ്ങളും വിദ്യാര്‍ത്ഥികളുടമക്കം ആയിരക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്.

ബുധനാഴ്ച പ്രക്ഷോഭം കൂടുതല്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് നൂറുകണക്കിന് സൈന്യത്തെയാണ് തലസ്ഥാനമായ ജക്കാര്‍ത്തയില്‍ വിന്യസിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ജോകോ വിദോദ മന്ത്രിസഭയിലെ സുരക്ഷ കാര്യ മന്ത്രി വിറാന്റോ അറിയിച്ചു.

Related Articles