ജക്കാര്‍ത്ത: കോവിഡ് കേസുകള്‍ ഗണ്യമായ അളവില്‍ വര്‍ധിക്കുന്നതിനെത്തുടര്‍ന്ന് ഇന്തോനേഷ്യ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ നിന്നും പൗരന്മാരെ വിലക്കി. രാജ്യത്ത് നിന്നും ആര്‍ക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അനുവാദമുണ്ടാകില്ല.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ നിന്നും എല്ലാ വര്‍ഷവും വലിയ അളവില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയിലെത്താറുണ്ട്. കൂടുതല്‍ അപേക്ഷകര്‍ ഉള്ളതിനാല്‍ തന്നെ നിശ്ചയിച്ച ക്വാട്ട മൂലം ശരാശരി 20 വര്‍ഷം കാത്തിരിക്കുന്നവര്‍ക്കാണ് ഹജ്ജിന് അവസരം ലഭിക്കാറുള്ളത്. കോവിഡ് മൂലം ഇത്തവണയും അവസരം ഇല്ലാതായതോടെ അനവധി തീര്‍ത്ഥാടകരാണ് തങ്ങളുടെ ജീവിതാഭിലാഷമായ ഹജ്ജിന് ഇനിയും കാത്തിരിപ്പ് തുടരുന്നത്.
പകര്‍ച്ചവ്യാധിയും തീര്‍ഥാടകരുടെ സുരക്ഷയും കണക്കിലെടുത്ത് ഈ വര്‍ഷവും ഇന്തോനേഷ്യന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് പോകാന്‍ അനുവാദമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്- മതകാര്യ മന്ത്രി യാഖൂത് ചോലില്‍ പറഞ്ഞു. അതേസമയം, സൗദി അറേബ്യ ഇതുവരെ ഹജ്ജിനായുള്ള പ്രവേശനം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഇന്തോനേഷ്യയുടെ മാത്രം തീരുമാനമല്ലെന്നും ഒരു രാജ്യത്തിനും ഇതുവരെ ഹജ്ജിനുള്ള ക്വാട്ട ലഭിച്ചിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.