Current Date

Search
Close this search box.
Search
Close this search box.

മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു

ന്യൂദൽഹി- പ്രമുഖ ഇസ്ലാമിക പണ്ഡിതനും സെന്റർ ഫോർ പീസ് ആന്റ് സ്പിരിച്വാലിറ്റി ഇന്റർനാഷണൽ സ്ഥാപകനുമായ മൗലാനാ വഹീദുദ്ദീൻ ഖാൻ അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം ദൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. 96 വയസ്സായിരുന്നു. ഈ മാസം 12 നാണ് വഹീദുദ്ദീൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് വെന്റിലേറ്ററിലായിരുന്നു.

1925 ൽ അസംഗഢിലാണ് ജനനം. 1987 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ നേതൃപരമായ പങ്കുവഹിച്ചവരാണ് വഹീദുദ്ദീൻ ഖാന്റെ കുടുംബം.

വിശുദ്ധ ഖുർആന്റെ വ്യാഖ്യാനത്തിനു പുറമെ, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം, മതങ്ങൾ തമ്മിലുള്ള സംവാദം, തുടങ്ങിയവയിൽ കേന്ദ്രീകരിച്ച 200 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1992 ൽ മഹാരാഷ്ട്രയിൽ സാമുദായിക സംഘർഷം വ്യാപകമായതിനെ തുടർന്ന് ആചാര്യ മുനി സുശീൽ കുമാർ, സ്വാമി ചിദാനന്ദ് എന്നിവരോടപ്പം വഹീദുദ്ദീൻ ഖാൻ നടത്തിയ ശാന്തിയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുംബൈ മുതൽ നാഗ്പൂർ വരെ 35 സ്ഥലങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു.

സറായയിലെ മദ്‌റസത്തുൽ ഇസ്‌ലാഹിയിൽ നിന്ന് 1938ൽ മതപരമായ വിദ്യാഭ്യാസം കരസ്ഥമാക്കി. ആറ് വർഷത്തെ പഠനത്തിന് ശേഷം 1944ൽ ബിരുദം നേടി. ചെറുപ്രായത്തിൽ തന്നെ അദ്ദേഹം ഖുർആൻ പഠനത്തിൽ തൽപരനായിരുന്നു. 1970ൽ ദൽഹിയിൽ ഒരു ഇസ്‌ലാമിക് സെന്റർ സ്ഥാപിച്ചു. 1976ൽ ‘അർരിസാല’ എന്നൊരു ഉർദു മാഗസിൻ പ്രസിദ്ധീകരണം ആരംഭിച്ചു. പ്രധാനമായും അദ്ദേഹത്തിന്റെ തന്നെ രചനകളായിരുന്നു ഇവയിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഇതേ മാഗസിന്റെ ഇംഗ്ലീഷ് പതിപ്പ് 1984 ഫെബ്രുവരിയിലും ഹിന്ദി പതിപ്പ് 1990 ഡിസംബറിലും തുടങ്ങി. ‘ഹൈജാക്കിംഗ് എ ക്രൈം’, ‘റൈറ്റ്‌സ് ഓഫ് വുമൺ ഇൻ ഇസ്‌ലാം’, ‘ദ കൺസപ്റ്റ് ഓഫ് ചാരിറ്റി ഇൻ ഇസ്‌ലാം’, ‘ദ കൺസപ്റ്റ് ഓഫ് ജിഹാദ്’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ ലേഖനങ്ങളാണ്.

Related Articles