Current Date

Search
Close this search box.
Search
Close this search box.

മൗലാന വലി റഹ്മാനി യാത്രയായി

ന്യൂഡൽഹി: ഇസ്​ലാമിക തത്വചിന്തകനും പണ്ഡിതനും ആൾ ഇന്ത്യ മുസ്​ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറിയുമായ മൗലാന വാലി റഹ്മാനി (78) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. മുസ്​ലിം പേഴ്സണൽ ലോ ബോർഡ് ആണ് മരണ വാർത്ത പുറത്തുവിട്ടത്. ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് ജന.സെക്രട്ടറിയായിരുന്നു.

ഇന്ത്യൻ മുസ്ലിമിന്റെ മത-ഭൗതിക-ബൗദ്ധിക മേഖലകളിൽ ശക്തമായ വിടവ് ശേഷിപ്പിച്ചു കൊണ്ടാണ് ആ ചരിത്ര പുരുഷൻ കടന്ന് പോവുന്നത്. വിഖ്യാതനായ പിതാമഹാന്റെ പാരമ്പര്യം നിലനിർത്തിയ മഹാനായ പൗത്രനായിരുന്നു മൗലന റഹ്മാനി . ഇന്ത്യയിലെ ഉന്നത ഇസ്ലാമിക കലാലയമായ ലക്‌നോവിലെ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ സ്ഥാപകനായ മൗലാന മുഹമ്മദലി മോൻഗീരി യുടെ പുത്രൻ മൗലാന മിന്നത്തുള്ള റഹ്മാനിയുടെ പുത്രനായി 1943 ലായിരുന്നു ജനനം.

മുസ്ലിം സമുദായത്തിന്റെ മതപരവും സാമൂഹ്യ പരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടി ജീവിതം സമർപ്പിച്ച മഹാ പണ്ഡിതനായിരുന്നു മൗലാന വലി റഹ്മാനി. ബഹുഭാഷാ പണ്ഡിതനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന മൗലാന പതിറ്റാണ്ടുകളോളം ഇന്ത്യൻ മുസ്ലിമിന്റെ കർമ്മ ഭൂമികയുടെ നെടുംതൂണായി വർത്തിച്ചു. വിവിധ ധാരകളിലുള്ള സമുദായത്തെ ഒന്നിച്ചു മുന്നോട്ട് കൊണ്ടു പോവാൻ, വിഭാഗീയതകൾക്ക് അതീതമായി അവരെ ചിന്തിപ്പിക്കാൻ, അവരുടെ നനോന്മുഖമായ പുരോഗതിക്ക് വേണ്ടി ഒന്നിച്ചിരുത്താൻ, അദ്ദേഹം നിരന്തരം യത്നിച്ചു.

മൗലാന ആസാദിന്റെ വിദ്യാഭ്യാസ ചിന്തകളിൽ ആകൃഷ്ടനായിരുന്ന മൗലാന വലി റഹ്മാനി തന്റെ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് അനേകം പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി. 1974 ൽ ബീഹാർ നിയമ സഭ അംഗമായിരുന്ന അദ്ദേഹം പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിച്ചു.

തന്റെ കുടുംബത്തിന്റെ ആത്മീയ കേന്ദ്രമായ ഖാൻഖാഹേ റഹ്മാനിയ്യയിൽ നിന്ന് ആരംഭിച്ച ശരീഅത്ത് സംരക്ഷണ യത്നം 1972 ൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡിന്റെ രൂപീകരണത്തിന് അടിത്തറ പാകി. ഏക സിവിൽ കോഡ്, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിൽ മൗലാന റഹ്മാനി സമുദായത്തിന്റെ ശബ്ദമായി നിലകൊണ്ടു. ബംഗ്ലാദേശികൾ എന്ന് മുദ്ര കുത്തി പൗരത്വ പ്രശ്നം നേരിടുന്ന അതിർത്തി സംസ്ഥാനങ്ങളിലെ മുസ്ലിംകൾക്ക് വേണ്ടിയുള്ള നിയമ പോരാട്ടങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ഉറുദു ഭാഷയുടെയും ഇസ്‌ലാമിക കലാലയകളുടെയും സംരക്ഷണത്തിന് വേണ്ടി അദ്ദേഹം നിരന്തരം ഭരണകൂടങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഭരണകൂടങ്ങളുടെ മുസ്ലിം വേട്ടക്കെതിരെ നിരന്തരം ശബ്ദിച്ചു.

വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം രൂപം കൊടുത്ത റഹ്മാനി ഫൗണ്ടേഷൻ IIT/JEE, AIMS പ്രവേശന പരീക്ഷകൾക്ക് പിന്നോക്ക സമുദായങ്ങളിലെ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സംരംഭവുമായി മുന്നോട്ട് പോകുന്നുണ്ട്. റഹ്മാനി തേർട്ടി എന്ന മറ്റൊരു വിദ്യാഭ്യാസ പദ്ധതിയും മൗലാന രൂപം കൊടുത്തു. റഹ്മാനി ബി.എഡ് കോളേജ് , ഹിഫ്‌സ് കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം നടത്തി വരുന്നു.

പിതാമഹനായ മൗലന മോൻഗീരിയുടെ ആത്മീയ പാർണ്ണശാലയായിരുന്ന ഖാൻഖാഹേ റഹ്മാനിയ്യയുടെ ചുമതല ഏറ്റെടുത്ത് 1991 മുതൽ അദ്ദേഹം സമുദായത്തിന് ആത്മീയ ശിക്ഷണവും നല്കിപ്പോന്നു. ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് ജന.സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.

11 പുസ്തകങ്ങളും നൂറിലേറെ ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. സമുദായത്തിന്റെ ഭൗതികമായ പുരോഗതിക്കും മതപരമായ അവകാശങ്ങൾക്കും വേണ്ടിയുള്ള ഉറച്ച നിലപാടുകൾ അദ്ദേഹം തന്റെ തൂലികയിലൂടെയും പ്രഭാഷണങ്ങളിലൂടെയും അവതരിപ്പിച്ചു. ‘ഹയാത്തെ വലി’ എന്ന പേരിൽ അദ്ദേഹത്തിന്റെ സമഗ്രമായ ജീവിതവും സേവനങ്ങളും വിവരിച്ചു കൊണ്ട് ഷാഹ് ഇമ്രാൻ ഹസൻ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. മൗലനയുടെ വിടവാങ്ങലിലൂടെ ഇന്ത്യൻ മുസൽമാന് നഷ്ടവുന്നത് പകരം വെക്കാനില്ലാത്ത നിറസാന്നിധ്യമാണ്.

 

Related Articles