Current Date

Search
Close this search box.
Search
Close this search box.

പ്രശസ്ത ഉറുദു കവി രാഹത് ഇന്‍ഡോരി ഇനിയില്ല

വിഭജനത്തിന് മുമ്പും ശേഷവും ഇന്ത്യ, സാഹിത്യരംഗങ്ങളിൽ മഹാകവികളെ ജന്മം നല്കുന്നതിൽ പിശുക്കിയിട്ടില്ല. സ്വാതന്ത്ര്യം നേടിയതിനുശേഷവും അവരിലെ മികച്ച ചിലർക്ക് നാം സാക്ഷ്യം വഹിച്ചു എന്നതാണ് ശരി . ബോളിവുഡ് ഗായകനും ഉറുദു കവിയും എന്ന നിലയിൽ പ്രശസ്തനായ മഹാനായ ഇന്ത്യൻ കലാകാരൻ റാഹത് ഇൻഡോരി (ജനനം: ജനുവരി 1, 1950- മരണം ആഗസ്റ്റ് 11, 2020 ) അത്തരം കവികളിൽ പ്രമുഖനാണ്.

ഇൻഡോറി കുറെ കാലം ഉർദു പ്രൊഫസറും ചിത്രകാരനുമായിരുന്നു. മധ്യപ്രദേശ് ദേവി അഹ് ലിയ സർവകലാശാലയിൽ ഉറുദു സാഹിത്യത്തിലും എഡ്യുക്കേഷനിലും അദ്ധ്യാപകനായും പ്രവർത്തിച്ചു. പശ്ചിമ ബംഗാൾ രാഷ്ട്രീയ പ്രവർത്തകയും ഇന്ത്യൻ പാർലമെന്റ് അംഗവുമായ മഹ് വ മിത്ര നടത്തിയ ഒരു പ്രസംഗത്തിനുശേഷമാണ് അദ്ദേഹം കൂടുതൽ പ്രശസ്തനും ജനകീയനുമാവുന്നത്. പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും വിമർശിച്ച് അവരുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയോടുള്ള കടുത്ത അമർഷം പ്രകടിപ്പിക്കാൻ മിത്ര മാസങ്ങൾക്ക് മുമ്പ് റാഹത്തിനെ ഉദ്ധരിച്ചത് ലോകം മറന്നു കാണില്ല.

എല്ലാവരുടെയും രക്തം ഇവിടെ ഈ മണ്ണിലുണ്ട്
ഇന്ത്യ ആരുടെയും
തന്തയുടെ വകയൊന്നുമല്ലല്ലോ?!

ഈ പ്രഭാഷണം സർക്കാരിനെതിരായ വിമർശനങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാവുകയും ഉപരിസൂചിത കവിതാശകലം പൊതുജനങ്ങളുടെ പോലും സ്റ്റാറ്റസായി സോഷ്യൽ മീഡിയയിൽ രണ്ടാഴ്ച ഓടിയിരുന്നു.
വിവാദമായ പുതിയ പൗരത്വ നിയമം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധ പരിപാടികളിൽ ഫൈസ് അഹ്മദ് ഫൈസിന്റെ കവിതകളോടൊപ്പം മുദ്രാവാക്യം കണക്കെ രാജ്യ തലസ്ഥാനത്തെ യുവാക്കളേറ്റെടുത്ത വരികളായിരുന്നു അവ.

ഗാനരചയിതാവായും ഗായകനായും ഗാന പരിപാടികളിൽ ജഡ്‌ജായും 4 പതിറ്റാണ്ടുകൾ നിറഞ്ഞു നിന്ന റാഹത്ത് വിലപ്പെട്ടതും മൗലികവുമായ കാവ്യ സംഭാവനകളിലൂടെ ഉത്തരേന്ത്യയിലെ പുതുതലമുറയുടെ ഹൃദയങ്ങളിൽ ജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹത്തിന്റെ കവിത, ” ബുലാതേ ഹൈ മഗർ ” ടിക്റ്റോക്കിൽ 100K+ യോളം ഷെയർ ചെയ്യപ്പെട്ട് വാലന്റൈൻസ് ദിനത്തിൽ സോഷ്യൽ സൈറ്റുകളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. തുടർന്നു യുവാക്കൾ ഈ കവിതയെ സ്നേഹത്തിന്റെ ഏറ്റവും സുന്ദരമായ ആവിഷ്കാരമായി നെഞ്ചിലേറ്റി .

അദ്ദേഹത്തിന്റെ ചില വിവർത്തിത വരികളിതാ: 

അവർ എതിരാണെങ്കിൽ എതിരാവട്ടെ,
എതിരാവുന്നത് നമ്മുടെ ജീവനൊന്നുമല്ലല്ലോ!

ജീവിതം ഹ്രസ്വമാണ്, നശ്വരവും ;
വെറും പുക, ആകാശമൊന്നുമല്ലല്ലോ?!

തീ കത്താൻ തുടങ്ങിയാൽ
എല്ലാ വീടിനും കനത്ത ആഘാതമുണ്ടാകും ,
നമ്മുടേതിന് മാത്രമല്ലല്ലോ?!

എനിക്കറിയാം ശത്രു എണ്ണത്തിൽ കുറവല്ല,
പക്ഷേ അവരുടെ കൈപ്പത്തിയിൽ നമ്മളെപ്പോലെ ജീവനൊന്നുമില്ലല്ലോ?!

നമ്മുടെ വായിൽ നിന്ന് പുറപ്പെടുന്നത് സത്യമാണ്,
നിങ്ങളുടെ നാവ് നമ്മുടെ വായിലൊന്നുമല്ലല്ലോ?!

ഇന്ന് പദവി വഹിക്കുന്നവർ നാളെ ഉണ്ടാകണമെന്നില്ല ,
നാമെല്ലാം വാടകക്കാർ , ഇത് സ്വന്തം വീടൊന്നുമല്ലല്ലോ? !

എല്ലാവരുടെയും രക്തം ഇവിടെ ഈ മണ്ണിലുണ്ട്
ഇന്ത്യ ആരുടെയും
തന്തയുടെ വകയൊന്നുമല്ലല്ലോ?!

ഈ വർഷം എഴുപത് വയസ്സ് തികഞ്ഞ ഇന്ദോരി ഭാര്യയോടും നാല് മക്കളോടും ഒപ്പം ജന്മനാടായ ഇൻഡോറിൽ വിശ്രമ ജീവിതത്തിലായിരുന്നു. ഒരാഴ്ച കൊറോണ പോസിറ്റീവായി വെന്റിലേറ്ററിയാരുന്ന ഇന്ദോരി ഇന്ന് പകൽ പരലോകം പൂകി. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.

Related Articles