Current Date

Search
Close this search box.
Search
Close this search box.

ഡോ. യാസീൻ മസ്ഹറും ചരിത്രമായി

ഇന്ത്യയിലെ മുസ് ലിം ചരിത്ര വിദ്യാർഥികളുടെ ഒന്നാം റഫറൻസ് ആയിരുന്ന ഡോ. യാസീൻ മസ്ഹർ സിദ്ദീഖി നദ്‌വിയും കാലയവനികക്കുള്ളിൽ മറഞ്ഞു. അദ്ദേഹം ഉത്തർ പ്രദേശിലെ പല ചരിത്രവുമുറങ്ങുന്ന ലഖിംപൂർകാരനായിരുന്നു. മാതാപിതാക്കളും മികച്ച പണ്ഡിതന്മാരായിരുന്നു. മൗലാനാ ഇസ്ഹാഖ് സിദ്ദിഖി നദ്‌വി സന്ധീൽവിയുടെ ആദ്യകാല ശിഷ്യന്മാരിലൊരാളായിരുന്നു. ദാറുൽ ഉലൂം നദ് വത്തുൽ ഉലമായിലെ ബിരുദത്തിനു ശേഷം ശേഷം ജാമിഅ മില്ലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി എന്നിവയിൽ നിന്നും പി.ജിയും ഡോക്ടറേറ്റും നേടി. മസ്ഹർ സിദ്ദീഖി ഒരു ചരിത്രകാരനും മാനുസ്ക്രിപ്റ്റ് സ്പെഷ്യലിസ്റ്റുമായാണ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലിം ചരിത്രത്തിന്റെ ഇമാമെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ചരിത്ര നിരീക്ഷണങ്ങളിൽ മൗദൂദിയൻ ധാരയിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും . അഥവാ ചരിത്ര അവലോകനത്തിന് സുന്നി- ശിആ പരിഗണനകൾ ബാധകമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ തുറന്നെഴുത്ത് / പറച്ചിലിന്റെ പേരിൽ മൗലാനാ അലി മിയാനും മറ്റ് ചില അധ്യാപകരും ഇക്കാര്യത്തിൽ അദ്ദേഹത്തോട് വളരെ മുമ്പേ വിയോജിച്ചിരുന്നു.

ഇന്ത്യയെ കൂടാതെ, പാകിസ്ഥാനിലും അദ്ദേഹത്തിന് വായനക്കാർ ധാരാളമുണ്ട്. അദ്ദേഹത്തിന്റെ തമാശകൾ പോലും ചരിത്രത്തിൽ നിന്നായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ശിഷ്യർ അഭിപ്രായപ്പെടുന്നത്. ന്യൂനപക്ഷ ജീവിതത്തിന്റെ പ്രവാചക ചരിത്ര മാതൃകകൾ ,പ്രവാചക കാലഘട്ടത്തിലെ നാഗരികത , ഇസ്ലാമിന്റെ വളർത്തുമ്മമാർ ,പ്രവാചക ജീവിതത്തിലെ സ്ത്രീ സാന്നിധ്യങ്ങൾ, ഇന്തോ- പേർഷ്യൻ മാനുസ്ക്രിപ്റ്റ്സ് എന്നിങ്ങനെ  വ്യത്യസ്ത ചരിത്ര മേഖലകളുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായി ഉറുദുവിലും ഇംഗ്ലീഷിലും അറബിയിലും ലഭ്യമാണ്. അലിഗർ യൂണിവേഴ്സിറ്റിയിലെ സുപ്രസിദ്ധ മാനുസ്ക്രിപ്റ്റ് സ് വിഭാഗത്തിന്റെയും ഇസ്ലാമിക് സ്റ്റഡീസ് വകുപ്പിന്റേയും തലവനായിരിക്കുമ്പോഴായിരുന്നു റിട്ടയർമെന്റ് . ആഗോള തലത്തിൽ നടന്നിട്ടുള്ള മുസ്ലിം ചരിത്ര സെമിനാറുകളിലെ നിറസാന്നിധ്യമായിരുന്നു സിദ്ദീഖി. ഇസ്ലാമിക ചരിത്രത്തിലെ ഏത് വ്യക്തി/ സ്ഥലനാമങ്ങൾ , വർഷങ്ങൾ എന്നിവ എത്രയും പെട്ടെന്ന് ഉത്തരം കിട്ടണമെങ്കിൽ ഡോക്ടർ സിദ്ദീഖിയോട് ചോദിക്കൂവെന്നാണ് ഇന്ന് 27/ മുഹർറം /1442,15/സെപ്റ്റംബർ 2020 വരെ പണ്ഡിത ചർച്ചകളിൽ ഉയർന്നു വന്നിരുന്ന പരിഹാരം. അല്ലാഹു അദ്ദേഹത്തിന് ഉന്നതമായ സ്വർഗത്തിൽ പ്രവേശം നല്കട്ടെ . സന്തപ്ത കുടുംബത്തിന് ശാന്തിയും ക്ഷമയും നല്കി അനുഗ്രഹിക്കട്ടെ .

Related Articles