Current Date

Search
Close this search box.
Search
Close this search box.

തര്‍ക്ക ഭൂമി രാമക്ഷേത്രത്തിന്; പള്ളിക്ക് പകരം ഭൂമി

ന്യൂഡല്‍ഹി: ഏഴ് പതിറ്റാണ്ട് നീണ്ട ബാബരി ഭൂമി കേസിലെ അന്തിമവിധി് സുപ്രിംകോടതി പുറപ്പെടുവിച്ചു. തര്‍ക്ക ഭൂമി രാമക്ഷേത്രത്തിന് നല്‍കണമെന്നും പകരം പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നുമാണ് വിധി. മൂന്ന് മാസത്തിനകം ഇതിനായി പദ്ധതി തയാറാക്കണം. ഇതിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി വ്യക്തമാക്കി. തര്‍ക്ക ഭൂമിയെ മൂന്നായി വിഭജിച്ച 2010ലെ അലഹാബാദ് ഹൈകോടതിയുടെ വിധി തെറ്റെന്നും കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊേഗായി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

ബാബരി മസ്ജിദ് നിര്‍മിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ലെന്നും മറ്റൊരു നിര്‍മിതിയുടെ മുകളിലായിരുന്നു. പള്ളിക്കു കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിര്‍മിതി ഒരു മുസ്ലിം കെട്ടിടമായിരുന്നില്ല. പള്ളി പണിതത് ഹിന്ദുക്ഷേത്രം പണിതിട്ടാണോ എന്നകാര്യം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) രേഖപ്പെടുത്തിയിട്ടില്ല.

ബാബരി മസ്ജിദ് നിലനിന്നിരുന്ന രണ്ടര ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മുസ്ലിംകള്‍ക്ക് മാത്രമായിരുന്നില്ല. പള്ളിയുടെ മിനാരം നിലനിന്നതിനു തൊട്ടുതാഴെയാണ് ശ്രീരാമന്റെ ജന്മസ്ഥലം എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. തര്‍ക്കസ്ഥലത്ത് ഹിന്ദുക്കളും മുസ്ലിംകളും ആരാധന നിര്‍വഹിച്ചിരുന്നു എന്ന് ഇരുവിഭാഗങ്ങളിലെയും ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 1857-നു മുമ്പുള്ള രേഖകള്‍ പ്രകാരം, ഈ സ്ഥലത്ത് ഹിന്ദുക്കളെ ആരാധന നടത്താന്‍ അനുവദിച്ചിരുന്നില്ല എന്നതിനു തെളിവില്ലെന്നും പുറംമുറ്റത്ത് ഹിന്ദുക്കള്‍ ആരാധന നിര്‍വഹിച്ചിരുന്നു എന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ മതങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക ഭരണഘടനപരമായ ബാധ്യതയെന്ന് നിരീക്ഷിച്ചാണ് വിധി പ്രസ്താവം തുടങ്ങിയത്. ബാബര്‍ ചക്രവര്‍ത്തി പള്ളി പണിതിട്ടില്ലെന്ന ഷിയ വഖഫ് ബോര്‍ഡിന്റെ വാദം നടപടി തുടങ്ങിയപ്പോള്‍ തന്നെ കോടതി തള്ളി. കേസിലെ പ്രധാന ഹിന്ദു കക്ഷികളിലൊരാളായ നിര്‍മോഹി അഖാഡയുടെ ഹരജിയും കോടതി തള്ളി.

തര്‍ക്കമുള്ള സ്വത്തില്‍ ആരാധന നടത്താനുള്ള അവകാശം വാദി മരിച്ചാലും മറ്റുള്ളവര്‍ക്ക് പിന്തുടരാം. ക്ഷേത്രം തകര്‍ത്താണ് പള്ളിയുണ്ടാക്കിയത് എന്നതിന് തെളിവില്ല. ഭൂമിയുടെ അവകാശം നിയമത്വത്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കേണ്ടത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവകാശം സ്ഥാപിക്കാനാവില്ലെന്നും കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു.

1949 ഡിസംബര്‍ 22ന് രാത്രി ഫൈസാബാദിലെ ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ ഒരുസംഘം രാമവിഗ്രഹം കൊണ്ടുവെച്ചതോടെ തുടങ്ങിയ നിയമയുദ്ധത്തിനാണ്, ഏഴ് പതിറ്റാണ്ടിനുശേഷം പരമോന്നത കോടതി അന്ത്യം കുറിക്കാനൊരുങ്ങുന്നത്. അതിക്രമിച്ചു കയറി വിഗ്രഹം വെച്ചവരെ ശിക്ഷിച്ചെങ്കിലും വിഗ്രഹം നീക്കം ചെയ്യാതെ ജില്ല ഭരണകൂടം പള്ളി അടച്ചുപൂട്ടി.

രാമജന്മഭൂമിയില്‍ വിഗ്രഹം സ്വയംഭൂവായതാണെന്ന് വാദിച്ച് ഹിന്ദുവിഭാഗം രംഗത്തുവന്നേതാടെ സുന്നിവഖഫ് ബോര്‍ഡ് പള്ളി തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 1992 ഡിസംബര്‍ ആറിന് രാമക്ഷേത്ര പ്രസ്ഥാനത്തിെന്റ ഭാഗമായി കര്‍സേവകരെ അയോധ്യയിലെത്തിച്ച് സംഘ്പരിവാര്‍ പള്ളി തകര്‍ത്ത് അവിടെ താല്‍ക്കാലിക ക്ഷേത്രം കെട്ടിയുണ്ടാക്കി രാമവിഗ്രഹം സ്ഥാപിച്ചു.

പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2010ല്‍ അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ രാം ലല്ല, നിര്‍മോഹി അഖാഡ എന്നീ ഹിന്ദുപക്ഷത്തെ രണ്ട് കക്ഷികള്‍ക്കും സുന്നി വഖഫ് ബോര്‍ഡ് എന്ന മുസ്ലിം പക്ഷത്തെ ഏക കക്ഷിക്കും തര്‍ക്കത്തിലുള്ള 2.77 ഭൂമി തുല്യമായി വീതിക്കാന്‍ ഉത്തരവിട്ടു. അതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിയുടെ വിധിവന്നിരിക്കുന്നത്.

 

Related Articles