Current Date

Search
Close this search box.
Search
Close this search box.

ശരീഅത്ത് കൗൺസിൽ, ബലി പെരുന്നാൾ അനുബന്ധിച്ച് ഇറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ

ന്യൂഡല്‍ഹി: ബലി പെരുന്നാള്‍,ബലി അനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി ശരീഅത്ത് കൗണ്‍സില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. കൊറോണ വൈറസിന്റെ സാമൂഹിക പകര്‍ച്ചയും വിവിധ സര്‍ക്കാര്‍ നിയന്ത്രണങ്ങളും കാരണം നിലവിലെ സാഹചര്യത്തില്‍ ഈദിനെക്കുറിച്ചും ബലിയെക്കുറിച്ചും രാജ്യത്തെ വിശ്വാസികള്‍ കൗണ്‍സിലിനോട് കര്‍മശാസ്ത്രസംബന്ധിയായ വിധികള്‍ ചോദിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് ജമാഅത്തെ ഇസ്ലാമി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പെരുന്നാള്‍ നമസ്‌കാരം, ബലി എന്നിവയുടെ പ്രാധാന്യം കണക്കിലെടുത്ത് വിശ്വാസികള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും സംരക്ഷണവും നല്‍കണമെന്ന് ശരീഅത്ത് കൗണ്‍സില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:

ബലി ചെയ്യാന്‍ ബാധ്യസ്ഥരായവര്‍ ബലി ചെയ്യട്ടെ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വേണ്ടത് തന്നെ. എന്നാലവ ഒരിക്കലും ബലിക്ക് പകരമാവില്ല.
ബലി ഹസ്രത്ത് ഇബ്രാഹി (അ)മിന്റെ സുന്നത്താണെന്നും അന്ത്യപ്രവാചകന്‍ (സ) പിന്തുടരുകയും തന്റെ ഉമ്മത്തിനോട് ഊന്നിപ്പറയുകയും ചെയ്തു, ഇത് കേവലമൊരു ആചാരമല്ല.
ബലി പെരുന്നാള്‍ നാളില്‍ ബലിയേക്കാള്‍ ശ്രേഷ്ഠമായ അനുഷ്ഠാനമൊന്നുമില്ല എന്നാണ് പ്രവാചകാധ്യാപനം. അഥവാ മറ്റേത് ദാനവും
സല്‍കര്‍മ്മങ്ങളും ഇതിന് പകരമാവില്ല.
ബലിചെയ്യാന്‍ ബാധ്യതയുള്ള ആളുകള്‍ക്ക്, ആഗ്രഹവും പരിശ്രമവും ഉണ്ടായിരുന്നിട്ടും, സര്‍ക്കാര്‍ നിയന്ത്രണങ്ങളോ മറ്റ് തടസ്സങ്ങളോ കാരണം ബലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ക്ക് മറ്റെവിടെയെങ്കിലും ബലി ചെയ്യാവുന്നതാണ്. ഇത് സാധ്യമല്ലെങ്കില്‍, ബലി പെരുന്നാള്‍ / അയ്യാമുത്തശ്രീഖ് നാളുകള്‍ കഴിഞ്ഞതിനുശേഷം, ബലിയുടെ തുക ദരിദ്രര്‍ക്ക് സംഭാവന ചെയ്യുകയുമാണ് വേണ്ടത്.
വിശ്വാസികള്‍ പരമാവധി ശരീഅ നിയമങ്ങള്‍ അനുസരിക്കുകയും അവ പിന്തുടരാന്‍ ശ്രമിക്കുകയും വേണം.
ബലിയുമായി ബന്ധപ്പെട്ട നിലവിലെ പകര്‍ച്ചവ്യാധി സാഹചര്യം കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം.
റോഡുകളിലും വഴിവക്കുകളിലും ബലിയര്‍പ്പിക്കരുത്. ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നല്‍കുക. രക്തം, മാലിന്യങ്ങള്‍ എന്നിവ കുഴിച്ചിടുക അല്ലെങ്കില്‍ മാലിന്യങ്ങള്‍ നിശ്ചിത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി മാത്രം നിക്ഷേപിക്കുക.
സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന് പെരുന്നാളിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓരോ പ്രദേശത്തും കമ്മിറ്റി രൂപീകരിക്കുന്നത് ഉചിതമാവും.
പ്രാദേശിക അധികാരികളുമായി ബന്ധം പുലര്‍ത്തുക, ക്രമസമാധാന പാലനത്തിന് അവരുടെ പിന്തുണ ഉറപ്പു വരുത്തുകയും ചെയ്യുക.
സാമൂഹിക അകലം പാലിച്ച് പെരുന്നാള്‍ പള്ളികളിലും ഈദ് ഗാഹുകളിലും നടത്താവുന്നതാണ്.
കോവിഡ് കാരണം അധികൃതര്‍ നിയന്ത്രിച്ചിട്ടുള്ള പ്രദേശങ്ങളില്‍, വിശ്വാസികള്‍ അവരുടെ വീടുകളില്‍ ഈദ് നമസ്‌കാരം നടത്തട്ടെ.

തയ്യാറാക്കിയത് :ഖുറം അലി ശഹ്സാദ്
വിവർത്തനം : ഹഫീദ് നദ്‌വി

Related Articles