Current Date

Search
Close this search box.
Search
Close this search box.

പ്രതിപക്ഷ എം.പിമാര്‍ക്കും കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ അവസരമൊരുക്കണം: യൂറോപ്യന്‍ എം.പി

ശ്രീനഗര്‍: ഇന്ത്യയിലെ പ്രതിപക്ഷ എം.പിമാര്‍ക്കും കശ്മീര്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള എം.പിമാരുടെ സംഘത്തിലെ അംഗം പറഞ്ഞു. ജര്‍മനിയിലെ അള്‍ടര്‍നേറ്റീവ് ഫര്‍ ഡച്ച് ലാന്റ് പാര്‍ട്ടിയുടെ എം.പിയായ നിക്കോളാസ് ഫെസ്റ്റ് ആണ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. എ.എന്‍.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇവിടെ ഒരു തരം അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഈ വിഷയം എങ്ങിനെയെങ്കിലും കൈകാര്യം ചെയ്യണമെന്നും നിക്കോളാസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് 27 അംഗ യൂറോപ്യന്‍ എം.പിമാരുടെ അനൗദ്യോഗിക പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും രൂക്ഷമായ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് യൂറോപ്യന്‍ പ്രതിനിധി സംഘത്തിലെ അംഗം തന്നെ സര്‍ക്കാരിനെതിരെ രംഗത്തു വന്നത്.

കശ്മീരില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ലോകത്തിന് മുന്നില്‍ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ബി.ജെ.പി അനുകൂലികളായ യൂറോപ്യന്‍ എം.പിമാരെ കേന്ദ്ര സര്‍ക്കാര്‍ കശ്മീരിലേക്ക് കൊണ്ടുവന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 23 അംഗങ്ങളാണ് ചൊവ്വാഴ്ച ശ്രീനഗര്‍ സന്ദര്‍ശിച്ചത്. ഈ സംഘം ബുധനാഴ്ച വാര്‍ത്തസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. രാജ്യത്തെ ആഭ്യന്തര വിഷയത്തില്‍ അഭിപ്രായം പറയാന്‍ തങ്ങളില്ല എന്നാണ് സംഘം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related Articles