Current Date

Search
Close this search box.
Search
Close this search box.

ഹൈദരലി ശിഹാബ് തങ്ങളുടെ ജീവചരിത്രത്തിന്റെ അറബി ഗ്രന്ഥം പ്രകാശനം ചെയ്തു

ഷാര്‍ജ: ഇന്ത്യയും അറബ് സമൂഹവും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഏറെ മഹത്തരമാണെന്നും, അത് ഊഷ്മളമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ദുബൈ രാജകുടുംബാംഗം ശൈഖ് മുഹമ്മദ് മക്തൂം ജുമാ അല്‍ മക്തൂം പ്രസ്താവിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന അറബി ഗ്രന്ഥം ‘സീറതു റജുല്‍ ഫീ മസീറതി ശഅബ്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സമൂഹങ്ങളുടെയും വളര്‍ച്ചയിലും പുരോഗതിയിലും ഊഷ്മളമായ ഇത്തരം ബന്ധങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും എല്ലാ സമൂഹത്തോടും ഹൃദ്യമായി പെരുമാറാന്‍ കഴിയുക എന്നതാണ് മനുഷ്യന്റെ മികച്ച യോഗ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങള്‍ ഏറെ മഹത്തരമാണെന്നും അത്തരം പാഠങ്ങളും അനുഭവങ്ങളും അന്താരാഷ്ട്ര സമൂഹത്തിലേക്ക് വ്യാപിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇത്തരം രചനകള്‍ ലോകോത്തര ഭാഷകളില്‍ പുറത്തിറക്കുന്നത് ഇങ്ങനെയുള്ള ശ്രമങ്ങള്‍ക്ക് വലിയ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജ എക്സ്പോ സെന്ററിലെ റൈറ്റേര്‍സ് ഫോറം ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹ്‌മദ് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. മാനേജിംഗ് എഡിറ്റര്‍ റശീദ് ഫൈസി നാട്ടുകല്‍ പുസ്തകം പരിചയപ്പെടുത്തി.

സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് ശുഹൈബ് തങ്ങള്‍, അലി മുസ്ലിയാര്‍ അജ്മാന്‍, മുഹമ്മദലി ഹാജി തൃക്കടീരി, സലിം ഗുരുവായൂര്‍, സൈനുല്‍ ആബിദീന്‍ സഫാരി, അന്‍വര്‍ നഹ, ശിയാസ് സുല്‍ത്താന്‍, എം.എം അക്ബര്‍, സലിം ഗുരുവായൂര്‍, മുസ്ഥഫ ഉസ്മാന്‍ കൊരട്ടിക്കര, മോഹന്‍ കുമാര്‍, നിസാര്‍ തളങ്കര, സി.കെ.കെ മാണിയൂര്‍, ഹുസൈന്‍ ദാരിമി എന്നിവര്‍ സംബന്ധിച്ചു.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കുറിച്ച് പ്രമുഖ വ്യക്തികളുടെ അനുസ്മരണക്കുറിപ്പുകളും, അനുശോചന കാവ്യങ്ങളും, തങ്ങളുടെ ചില അപൂര്‍വ ചിത്രങ്ങളും ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ത എഡിഷനുകളായി പുറത്തിറക്കുന്ന പുസ്തകത്തിന്റെ യു.എ.ഇ എഡിഷനാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിതമായത്. പുസ്തകത്തിന്റെ മലയാളം പതിപ്പ് ‘സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍: കാലം, സമൂഹം’ എന്ന പേരില്‍ രണ്ട് മാസം മുമ്പ് പ്രകാശനം ചെയ്യപ്പെട്ടിരുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ പ്രസിദ്ധീകരണ സമിതിയുടെ കീഴില്‍ ഡാറ്റാനെറ്റ് മീഡിയയും ഗള്‍ഫ് സത്യധാരയും ചേര്‍ന്നാണ് പുസ്തകം പുറത്തിറക്കുന്നത്.

Related Articles