Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ വീണ്ടും മറ്റൊരു ജനകീയ പ്രക്ഷോഭത്തിന് വേദിയാകുന്നു

തൂനിസ്: 2010ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം സമാനമായ രീതിയില്‍ മറ്റൊരു ജനകീയ പ്രക്ഷോഭത്തിനാണ് തുനീഷ്യയിലെ തെരുവുകള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. തുനീഷ്യയില്‍ അട്ടിമറി ഭരണത്തിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് ഖഈസ് സഈദിന്റെ മന്ത്രിസഭ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് തുനീഷ്യയില്‍ പ്രതിഷേധം ശക്തമായത്. ഞായറാഴ്ച തലസ്ഥാനമായ തൂനിസിലെ ഹബീഹ് ബൗര്‍ഖീബ തെരുവില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് പേര്‍ പങ്കാളികളായി. പ്രതിഷേധത്തെത്തുടര്‍ന്ന് മേഖലയില്‍ കനത്ത പൊലിസ് സുരക്ഷ ഒരുക്കിയിരുന്നു.

ഖഈസ് സഈദ് രാജിവെക്കുക, അട്ടിമറിയുടെ വീഴ്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ബാനറുകളും പിടിച്ചാണ് ജനങ്ങള്‍ അണിനിരന്നത്. ഭരണഘടനയും രാഷ്ട്ര സ്ഥാപനങ്ങള്‍ക്കെതിരായ അട്ടിമറിയും നിര്‍ത്താനുള്ള പ്രസിഡന്റിന്റെ തീരുമാനങ്ങളെ ഞങ്ങള്‍ അപലപിക്കുന്നതായും അവര്‍ പറഞ്ഞു.

ചരിത്രപരമായ തുനീഷ്യയിലെ എല്ലാ പ്രധാന പ്രകടനങ്ങളുടെയും ആസ്ഥാനമായ നാഷണല്‍ തിയേറ്ററിന് മുന്‍പില്‍ വെച്ച് നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് പങ്കാളികളായത്. ഇവിടെ മാത്രം 2000 പേര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. സമരക്കാരെ പൊലിസ് ലാത്തിവീശിയും ടിയര്‍ഗ്യാസും ഗ്രനേഡും ഉപയോഗിച്ചാണ് നേരിട്ടത്.

പ്രധാനമന്ത്രിയെ പുറത്താക്കുകയും പാര്‍ലമെന്റ് താല്‍ക്കാലികമായി റദ്ദാക്കിയും എക്‌സിക്യൂട്ടീവ് അധികാരം ഏറ്റെടുത്തതിന് രണ്ട് മാസത്തിന് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് 2014ലെ ഭരണഘടന തള്ളിക്കളഞ്ഞ് സഈദ് സ്വയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തനിക്ക് ഭരിക്കാനുള്ള അനുമതി നല്‍കിയത്.

ഏകദേശം 20 അന്താരാഷ്ട്ര, തുനീഷ്യന്‍ മനുഷ്യാവകാശ സംഘടനകള്‍ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സഈദിന്റെ ഈ നടപടിയെ ‘അധികാരം പിടിച്ചെടുക്കല്‍’ എന്ന് ആരോപിച്ച് അപലപിച്ച് രംഗത്തെത്തിയിരുന്നു.

 

Related Articles