Current Date

Search
Close this search box.
Search
Close this search box.

വിവാദ ഫോട്ടോഷൂട്ട്: അറസ്റ്റ് ചെയ്ത മോഡലിനെയും ഫോട്ടോഗ്രാഫറെയും വിട്ടയച്ചു

കൈറോ: വിവാദമായ ഫോട്ടോഷൂട്ടിനെത്തുടര്‍ന്ന് ഈജിപ്ത് പൊലിസ് അറസ്റ്റ് ചെയ്ത മോഡലിനെയും ഫോട്ടോഗ്രാഫറെയും വിട്ടയച്ചു. ഈജിപ്തിലെ പൗരാണിക നെക്രോപോളിസ് സൈറ്റ് ആയ സഖാറയില്‍ വെച്ചാണ് നിയമം ലംഘിച്ച് ഫോട്ടോഷൂട്ട് നടത്തിയത്. മോഡലായ സല്‍മ അല്‍ ഷിമിയും ഫോട്ടോഗ്രാഫര്‍ ഹുസാം മുഹമ്മദുമാണ് അറസ്റ്റിലായിരുന്നത്. ഈജിപ്തിലെ പാരമ്പര്യ പിരമിഡുകളും മമ്മികളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വെച്ച് അര്‍ധനഗ്നയായ രീതിയിലുളള ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നത്. ഇവരുടെ പ്രവൃത്തി പ്രകോപനപരവും കുറ്റകരവുമാണെന്നാണ് കുറ്റം ചുമത്തിയത്. ചൊവ്വാഴ്ചയാണ് ഇരുവരെയും വിട്ടയച്ചത്.

പുരാവസ്തു വിഭാഗത്തിന്റെ പ്രദേശമായ സഖാറയില്‍ വെച്ച് അനുമതിയില്ലാതെയാണ് ഇവര്‍ ഫോട്ടോഷൂട്ട് നടത്തിയതെന്നാണ് കോടതി വിധിച്ചത്. തുടര്‍ന്ന് 500 ഈജിപ്ത് പൗണ്ടിന്റെ ജാമ്യത്തില്‍ ഇരുവരെയും വിട്ടയക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് മുമ്പില്‍ ഹാജരായ സല്‍മ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞു. ഈജിപ്തിനെ വ്രണപ്പെടുത്തുകയല്ലായിരുന്നു ലക്ഷ്യമെന്നും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. ഇവിടെ ഫോട്ടോയെടുക്കാന്‍ അനുമതി വേണമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇവരുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഫോട്ടോ ഷൂട്ട് പുരാതന സൈറ്റിനോടുള്ള അനാദരവാണെന്നാണ് പലരും പ്രതികരിച്ചത്.

Related Articles