Current Date

Search
Close this search box.
Search
Close this search box.

പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയ ധീര ബാലനെ ആദരിച്ചു

കോഴിക്കോട്: പ്രളയകാലത്ത് സ്വജീവന്‍ പണയപ്പെടുത്തി രാജ്യത്തിന് മാതൃകയായ കര്‍ണാടക സ്വദേശി വെങ്കടേശനെ പൗരസഞ്ചയം കോഴിക്കോട് ആദരിച്ചു. ഓഗസ്റ്റ് മാസത്തിലെ പ്രളയകാലത്ത് റോഡില്‍ വെള്ളം കയറി വഴിയറിയാതെ ബുദ്ധിമുട്ടിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് സ്വന്തം ജീവന്‍ മറന്ന് റോഡിലൂടെ നീന്തി വഴികാണിച്ചു കൊടുത്ത 12 വയസ്സുകാരന്റെ ധീര പ്രവര്‍ത്തി ദേശീയ ശ്രദ്ധ നേടിയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍പിങ് ഹാന്റ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ സാംബശിവ റാവു വെങ്കടേശിന് മൊമന്റോയും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.

നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവരുടെ മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി പള്ളിയില്‍ സൗകര്യമൊരുക്കി ദേവാലയങ്ങളുടെ ഉന്നത മാനവിക മൂല്യം ഉയര്‍ത്തിപ്പിടിച്ച പോത്തുകല്ല് മസ്ജിദ് ഭാരവാഹികളെയും ചടങ്ങില്‍ ആദരിച്ചു.

നിര്‍ധനരായ കാന്‍സര്‍,കിഡ്‌നി രോഗികള്‍ക്കും ലുക്കീമിയ ബാധിച്ച കുട്ടികള്‍ക്കും അണുവിമുക്ത സൗജന്യ താമസവും ഭക്ഷണവും ഒരുക്കി മെഡിക്കല്‍ കോളേജ് ക്യാംപസിനു സമീപം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ്. ട്രസ്റ്റിന് കീഴിലുള്ള കെയര്‍ഹോമില്‍ വെച്ചാണ് സ്‌നേഹാദരവ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ വിവിധ സന്നദ്ധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഉപഹാരങ്ങളും ധനസഹായവും വിതരണം ചെയ്തു. വീട്ടില്‍ നിന്ന് കിലോമീറ്ററുകളോളം സ്‌കൂളിലേക്ക് നടന്നു പോകുന്ന വെങ്കടേശനുള്ള സൈക്കിളും ചടങ്ങില്‍ വിതരണം ചെയ്തു. സോളിഡാരിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മൊമന്റോയും ചടങ്ങില്‍ വെച്ച് ജില്ലാ കലക്ടര്‍ വിതരണം ചെയ്തു.

Related Articles