Current Date

Search
Close this search box.
Search
Close this search box.

യു.പിയില്‍ നമസ്‌കാരത്തിനെതിരെ ‘ഹനുമാന്‍ കീര്‍ത്തന’വുമായി ഹിന്ദു യുവ വാഹിനി

ഹത്രാസ്: ഉത്തര്‍പ്രദേശിലെ ഹത്രാസ് നഗരത്തില്‍ മുസ്‌ലിംകള്‍ തെരുവില്‍ വെച്ച് നമസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദു യുവ വാഹിനി എന്ന സംഘടന രംഗത്ത്. മുസ്‌ലിംകള്‍ നമസ്‌കരിക്കുന്ന സമയത്ത് ‘ഹനുമാന്‍ ചാലിസ’ (ഹിന്ദു മത വിശ്വാസികളുടെ പ്രത്യേക തരം കീര്‍ത്തനം) ആലപിച്ചാണ് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ എതിര്‍ക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹത്രാസിലെ സിക്കന്ദര റാവു ഏരിയയിലെ ഹനുമാന്‍ ക്ഷേത്രത്തിന് മുന്‍പില്‍ വെച്ചാണ് ചൊവ്വാഴ്ച ഒരു കൂട്ടം യുവ വാഹിനി പ്രവര്‍ത്തകര്‍ ‘ഹനുമാന്‍ ചാലിസ’ ആലപിച്ചത്. തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വരെ ഇത് തുടര്‍ന്നു. മുസ്‌ലിംകള്‍ അവരുടെ നമസ്‌കാരം അവസാനിപ്പിക്കുന്നത് വരെ എല്ലാ ചൊവ്വാഴ്ചയും ഇത്തരത്തില്‍ ഹനുമാന്‍ ചാലിസ ആലപിക്കുമെന്ന് സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു.

വെള്ളിയാഴ്ചകളില്‍ മുസ്‌ലിംകള്‍ റോഡില്‍ വെച്ച് നമസ്‌കരിക്കുന്നത് മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെന്നും റോഡ് ബ്ലോക്ക് ആവുന്നുണ്ടെന്നും സംഘടന ആരോപിക്കുന്നു. അവര്‍ ഇക്കാര്യം നിര്‍ത്തലാക്കുകയാണെങ്കില്‍ ഞങ്ങളും കീര്‍ത്തനം അവസാനിപ്പിക്കും അതില്ല എങ്കില്‍ എല്ലാ ചൊവ്വാഴ്ചയും മുഴുവന്‍ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ നിന്നും ഞങ്ങള്‍ കീര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഹനുമാന്‍ യുവ വാഹിനി വക്താവ് രവീന്ദ്ര കുമാര്‍ സിങ് പറഞ്ഞു.

എന്നാല്‍ വിഷയത്തില്‍ പൊലിസ് മൗനം പാലിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ ആരുടെ ഭാഗത്തു നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നുമാണ് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. യു.പിയില്‍ പള്ളികള്‍ ഇല്ലാത്തതിനാല്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം മുസ്‌ലിംകള്‍ തെരുവുകളില്‍ വെച്ചാണ് നമസ്‌കരിക്കാറുള്ളത്.

Related Articles