Current Date

Search
Close this search box.
Search
Close this search box.

നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തണം; മോദിക്ക് കത്തെഴുതി കെജ്രിവാള്‍

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും ഹിന്ദു വോട്ടുകള്‍ സ്വരൂപിക്കാന്‍ ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ നിലപാടിനെ കവച്ചുവെച്ച് മുന്നേറുന്ന ആം ആദ്മിയുടെ വാര്‍ത്തകള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം. ഇപ്പോഴിതാ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് കെജ്രിവാള്‍. ഗുജറാത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടുകള്‍ സ്വന്തമാക്കാന്‍ മൃദു ഹിന്ദുത്വ കാര്‍ഡ് ഇറക്കിയിട്ട് കാര്യമില്ല, തീവ്ര ഹിന്ദുത്വ കാര്‍ഡ് തന്നെ കളത്തിലിറക്കണമെന്നാണ് ആം ആദ്മി ഇതിലൂടെ പറയാതെ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ആം ആദ്മി നേതാക്കള്‍ ഇത്തരം നടപടികളെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഹിന്ദു വോട്ടുകള്‍ നേടാന്‍ ഇത്തരം നടപടികള്‍ കൈകൊള്ളേണ്ടി വരുമെന്നാണ് ആം ആദ്മി നേതാക്കള്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പറയുന്നത്.

ഗണപതിയുടെയും ലക്ഷ്മീ ദേവിയുടെയും ചിത്രം നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് കെജ്രിവാള്‍ മോദിക്ക് കത്തയച്ചത്. ഇക്കാര്യം കെജ്രിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നും 130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇക്കാര്യം ആവശ്യപ്പെടുന്നതെന്നുമാണ് കെജ്രിവാള്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കെജ്രിവാളിന്റെ ആവശ്യത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ആം ആദ്മിയെ പരിഹസിച്ച് നിരവധി ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞിരുന്നു.

Related Articles