കോഴിക്കോട്: മുസ്ലിം സംഘടനകള്‍ക്കിടയില്‍ ആദര്‍ശ യോജിപ്പുള്ള സംഘടനകള്‍ വേറിട്ട് നില്‍ക്കാതെ ഒന്നിച്ചു നില്‍ക്കണമെന്ന ഐക്യാഹ്വാനവുമായി സമസ്ത നേതാവും എസ്.വൈസ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ആദര്‍ശ വ്യതിരിക്തത കാത്തുസൂക്ഷിച്ചുകൊണ്ട് വിവിധ മുസ്ലിം സംഘടനകള്‍ പൊതു പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഒന്നിക്കുന്നത് പോലെ ആദര്‍ശ യോജിപ്പുള്ള സംഘടനകള്‍ തുടര്‍ന്നും വേറിട്ട് തന്നെ നില്‍ക്കേണ്ടതുണ്ടോ എന്നത് ഗൗരവമായി ചിന്തിക്കേണ്ടതാണെന്നാണ് അമ്പലക്കടവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം സമാപിച്ച പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സൗഹൃദ സംഗയ യാത്രയുടെ ഭാഗമായി വിവിധ മത-സാമുദായിക നേതാക്കളുടെ ഒത്തുചേരലിനെ പരാമര്‍ശിച്ചായിരുന്നു അമ്പലക്കടവിന്റെ പ്രതികരണം. സുന്നി ആദര്‍ശമുള്ള സംഘടനകള്‍ ഒന്നിക്കേണ്ട ആവശ്യകതയാണ് അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത്.
1985ല്‍ ശരീഅത്ത് സംരക്ഷണത്തിനു വേണ്ടിയും വിവിധ മുസ്ലിം സംഘടനകള്‍ ഒന്നിച്ചു നിന്നുവെന്നും മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നങ്ങളില്‍ ഒന്നിച്ചുനിന്നാല്‍ ലക്ഷ്യം നേടാനാകുമെന്ന് ഈ കൂട്ടായ്മ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സമാനമായ സംഗമത്തിനാണ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് പരിപാടിയുടെയും ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
1985ല്‍ ശരീഅത്ത് സംരക്ഷണാര്‍ത്ഥം ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ശരീഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളാണ് ആദ്യചിത്രത്തില്‍. മുപ്പത്തിരണ്ട് വര്‍ഷം മുമ്പ് നടന്ന സമ്മേളനത്തില്‍ സയ്യിദ് അബുല്‍ഹസന്‍ അലി നദ് വി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ്, സയ്യിദ് അഹമദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, മുജാഹിദ് -ജമാഅത്ത്- തബ്ലീഗ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തെ മുസ്ലിംകള്‍ അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നങ്ങളില്‍ മുസ്ലിംകള്‍ ഒന്നിച്ചുനിന്നാല്‍ ലക്ഷ്യം നേടാനാകുമെന്ന്
ഈ കൂട്ടായ്മ തെളിയിച്ചു.
രണ്ടാമത്തെ ചിത്രം ഇന്നലെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടേതാണ്. രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും പ്രാധാന്യം ഉണര്‍ത്തിക്കൊണ്ട് മുസ്ലിം സംഘടനാ പ്രതിനിധികളും ഇതരമതസ്ഥരുടെ പ്രതിനിധികളും ഒത്തുചേര്‍ന്ന സംഗമം.
സംഗമത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, മുജാഹിദ്-ജമാഅത്ത്-തബ്ലീഗ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യമനുസരിച്ച് മുസ്ലിം ഉമ്മത്തിനെ ഒരുമിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ തെളിയിച്ചു. പ്രതിസന്ധിഘട്ടങ്ങളില്‍ വേറിട്ടുനില്‍ക്കുന്നത് ശരിയല്ലെന്ന നല്ല സന്ദേശം കാന്തപുരവും പ്രവര്‍ത്തകര്‍ക്ക് നല്‍കി. ആദര്‍ശ വ്യതിരിക്തത കാത്തുസൂക്ഷിച്ചുകൊണ്ട് വിവിധ മുസ്ലിം സംഘടനകള്‍ പൊതു പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഒന്നിക്കുന്നത് പോലെ ആദര്‍ശ യോജിപ്പുള്ള സംഘടനകള്‍ തുടര്‍ന്നും വേറിട്ട് തന്നെ നില്‍ക്കേണ്ടതുണ്ടോ എന്നും ഗൗരവമായി ചിന്തിക്കാവുന്നതാണ്.
📲 കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU