Current Date

Search
Close this search box.
Search
Close this search box.

ആത്മനിര്‍വൃതിയോടെ ഹാജിമാര്‍ മടങ്ങിത്തുടങ്ങി; ഹജ്ജ് പരിസമാപ്തിയിലേക്ക്

മക്ക: കോവിഡിനു മുന്നില്‍ പകച്ചുനില്‍ക്കാതെ പരിമിതികള്‍ക്കിടെയും ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കാനായതിന്റെ ആത്മനിര്‍വൃതിയില്‍ ഹാജിമാര്‍ പുണ്യനഗരിയില്‍ നിന്നും മടങ്ങിത്തുടങ്ങി. കൊറോണ പകര്‍ച്ചവ്യാധിയുടെ കാലത്ത് ഹജ്ജ് കര്‍മങ്ങളില്‍ പങ്കാളിയായെന്ന ചരിത്ത്രതിന്റെ കൂടി ഭാഗമായാണ് 2020ലെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ഓരോ ഹാജിയും വിശുദ്ധ നഗരിയോട് വിടവാങ്ങുന്നത്.

ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും 20 ലക്ഷത്തിലേറെ പേര്‍ സംഗമിക്കേണ്ടിയിരുന്നു വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ആയിരം പേര്‍ മാത്രം പങ്കെടുത്തു എന്നതാണ് ഈ വര്‍ഷത്തെ ഹജ്ജിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ശാരീരിക അകലം പാലിച്ച് ഹാജിമാര്‍ തമ്മില്‍ ആറ് മീറ്റര്‍ വിട്ടുനിന്നാണ് മുഴുവന്‍ കര്‍മങ്ങളും പൂര്‍ത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. എങ്കിലും പ്രതിസന്ധികളെ തരണം ചെയ്ത്‌കൊണ്ട് പാപക്കറകള്‍ തുടച്ചുനീക്കി പുതിയ മനസ്സും ശരീരവുമായാണ് ഓരേ ഹാജിയും ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ത്വവാഫിലൂടെ തുടങ്ങി പാപമോചനം തേടി അറഫയില്‍ സംഗമിച്ചും മുസ്ദലിഫയില്‍ രാപാര്‍ത്തും ജംറയില്‍ കല്ലേറ് നടത്തിയും തല മുണ്ഡനം ചെയ്തും നാഥനോട് മനമുരുകി പ്രാര്‍ത്ഥിച്ചും അവസാനം വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയിലാണ് ഹാജിമാര്‍. ഞായറാഴ്ച കല്ലേറ് കര്‍മം പൂര്‍ത്തിയാക്കാത്തവര്‍ തിങ്കയാഴ്ചയോട് കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഇഹ്‌റാമില്‍ നിന്ന് ഇറങ്ങുക.

കോവിഡ് പ്രോട്ടോകോളും കര്‍ശന നിയന്ത്രണങ്ങളും സുരക്ഷയും ഒരുക്കിയാണ് സൗദി ഭരണകൂടം ഇത്തവണ ഹജ്ജിനായി സംവിധാനം ചെയ്തത്. ഹജ്ജിനു ശേഷവും ഹാജിമാര്‍ നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയണം. സൗദിയില്‍ താമസിക്കുന്ന വിദേശികളും സ്വദേശികളുമായ തെരഞ്ഞെടുത്ത ആയിരം പേര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരം നല്‍കിയത്.

Related Articles