Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് എംബാര്‍ക്കേഷന്‍: കരിപ്പൂരിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട്: 2021ലെ ഹജ്ജ് യാത്രക്കുള്ള എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ പട്ടികയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പേര് പറഞ്ഞാണ് കേന്ദ്ര ഹജ്ജ് കാര്യ മന്ത്രാലയം ഇത്തവണയും കരിപ്പൂരിനെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത് മലബാറില്‍ നിന്നാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ്. എന്നാല്‍ ഇത്തവണയും നെടുമ്പാശേരി വിമാനത്താവളത്തെയാണ് അധികൃതര്‍ കേരളത്തില്‍ നിന്നുള്ള ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളത്. ഹജ്ജ് ഹൗസ് അടക്കമുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉള്ള കരിപ്പൂരിലേക്ക് തന്നെ ഇത്തവണത്തെ എംബാര്‍ക്കേഷന്‍ പോയിന്റ് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവിധ മത-രാഷ്ട്രീയ സംഘടനകളും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. മുസ്‌ലിം ലീഗ്, സമസ്ത, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണം: ടി.വി ഇബ്രാഹിം എം.എല്‍.എ

കൊണ്ടോട്ടി : 2021 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടു ടി.വി.ഇബ്രാഹിം എം.എല്‍.എ കേന്ദ്ര സര്‍ക്കാറിനും കേന്ദ്ര ഹജ്ജ് കമ്മിറ്റി വകുപ്പ് മന്ത്രിക്കും ,മുഖ്യമന്ത്രിക്കും കത്ത് നല്‍കി.

കഴിഞ്ഞവര്‍ഷം കൊച്ചിയും കോഴിക്കോടും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമാക്കുകയായിരുന്നു. 30 ശതമാനത്തില്‍ത്താഴെ തീര്‍ഥാടകര്‍ മാത്രമാണ് കഴിഞ്ഞവര്‍ഷം കൊച്ചിയെ ആശ്രയിച്ചത്.

കരിപ്പൂരിനെ ഉള്‍പ്പെടുത്തുക: സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം: ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരില്‍ ഗണ്യമായ ഒരുഭാഗം കേരളത്തിലെ മലബാറില്‍, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരായിരിക്കെ, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും കരിപ്പൂരിനെ ഒഴിവാക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഹജ്ജ് കമ്മിറ്റിയും സര്‍ക്കാറും ഇടപെട്ട് കരിപ്പൂരിനെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പുന:സ്ഥാപിക്കുന്നതിന് ആവശ്യമായ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സര്‍ക്കാറിന്റെ സംവരണ അട്ടിമറി കാരണം മുസ്ലികംള്‍ ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങള്‍ പലതും നിഷേധിക്കപ്പെടുകയാണ്. പിന്നാക്കവിഭാങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം ഏര്‍പ്പെടുത്തണമെന്നും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെട്ട ബാക്ക് ലോഗ് നികത്താന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

Related Articles