Current Date

Search
Close this search box.
Search
Close this search box.

സി. മുഹമ്മദ് ഫൈസി സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി സി. മുഹമ്മദ് ഫൈസിയെ തെരഞ്ഞെടുത്തു. ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗമാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. നിലവിലെ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും മര്‍കസ് ജനറല്‍ മാനേജറും സിറാജ് ദിനപത്രം പ്രസാധകനും മാണ് സി. മുഹമ്മദ് ഫൈസി. സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി മര്‍കസ് ശരീഅ കോളജില്‍ സീനിയര്‍ പ്രഫസറാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡ് അംഗമായിരുന്നു. സമസ്ത പണ്ഡിത സഭ അംഗം,ഇസ്ലാമിക് എഡ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ,ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജുക്കേഷന്‍ എന്നിവകളില്‍ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിക്കുന്നു. ജോര്‍ദാന്‍, ഈജിപ്ത്, മലേഷ്യ , യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ലീഡര്‍ഷിപ് ട്രെയിനിങ് പഠനം പൂര്‍ത്തിയാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉറുദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
പ്രമുഖ പണ്ഡിതനായിരുന്ന നെടിയനാട് സി അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ മകനായ മുഹമ്മദ് ഫൈസി കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പന്നൂര്‍ സ്വദേശിയാണ്.

പി വി അബ്ദുല്‍വഹാബ് എം പി, കാരാട്ട്‌റസാഖ് എം എല്‍ എ , മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ, മുഹമ്മദ് കാസിം കോയ പൊന്നാനി, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, അബ്ദുര്‍റഹ്മാന്‍ എന്ന ഉണ്ണി കൊണ്ടോട്ടി, മുസ്‌ലിയാര്‍ സജീര്‍ മലപ്പുറം, എല്‍ സുലൈഖ കാഞ്ഞങ്ങാട്, വി ടി അബ്ദുല്ല കോയ തങ്ങള്‍ കാടാമ്പുഴ, പി കെ അഹമ്മദ് കോഴിക്കോട്, എം എസ് അനസ് അരൂര്‍, മുസമ്മില്‍ ഹാജി ചങ്ങനാശ്ശേരി എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങള്‍. മലപ്പുറം ജില്ലാകലക്ടര്‍ അമിത്മീണയും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി ഷിഹാബ് തങ്ങളും എക്‌സ് ഓഫീഷ്യോ അംഗങ്ങളാണ്.

Related Articles