Current Date

Search
Close this search box.
Search
Close this search box.

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശ്വാസികള്‍ അറഫയില്‍ സംഗമിച്ചു

മക്ക: തല്‍ബിയത്തിന്റെ മന്ത്രധ്വനികളുമായി വിശ്വാസി സമൂഹം അറഫ സംഗമത്തിനായി ഒരുമിച്ചു കൂടി. കോവിഡ് മഹാമാരിക്കിടെ ചരിത്രത്തില്‍ ഇടംപിടിച്ച ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ പുരോഗമിക്കുകയാണ്. ഹജ്ജിന്റെ ആത്മാവ് എന്നറിയിപ്പെടുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫ സംഗമമാണ് വ്യാഴാഴ്ച മിന താഴ്‌വരയിലെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നത്.

160 രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള വിശ്വാസികളാണ് അറഫയില്‍ ഒരുമിച്ചു കൂടിയത്. സൗദി ഉന്നത പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ആയ ശൈഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അല്‍ മനീഅ അറഫ പ്രഭാഷണം നിര്‍വഹിച്ചു. അഞ്ച് ഭാഷകളില്‍ ഇതിന്റെ തത്സമയ വിവര്‍ത്തനവും ഒരുക്കിയിരുന്നു. ആദ്യമായാണ് അഞ്ച് ഭാഷകളില്‍ തത്സമയ വിവര്‍ത്തനം ഒരുക്കിയത്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, മലായ, പേര്‍ഷ്യന്‍, തുര്‍കിഷ് ഭാഷകളിലാണ് വിവര്‍ത്തനം ചെയ്തത്.

ഇന്ന് സൂര്യാസ്തമയം വരെ മസ്ജിദുന്നമിറയും ജബലുറഹ്മയിലും പ്രാര്‍ത്ഥനമുഗരിതമായി വിശ്വാസി സമൂഹം കഴിച്ചുകൂട്ടും. തുടര്‍ന്ന് രാത്രിയോടെ മുസ്ദലിഫ ലക്ഷ്യമാക്കി നടന്നുനീങ്ങും. അവിടെ രാപാര്‍ക്കുന്നതാണ് ഹജ്ജിലെ അടുത്ത ചടങ്ങ്. പിന്നീട് ജംറയില്‍ കല്ലേറ് നടത്തും. ഇതിനായുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നും ശേഖരിക്കും. തുടര്‍ന്ന് പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച കല്ലേറും ശേഷം ബലികര്‍മവും നടത്തും.

ലക്ഷക്കണക്കിന് പേര്‍ ഒരുമിച്ചുകൂടുന്ന ഇടത്ത് ആയിരം പേര്‍ മാത്രം പങ്കെടുക്കുന്ന ഹജ്ജാണ് ഇത്തവണ ഹജ്ജ് ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായി മാറിയത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമായാണ് അറഫ സംഗമത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ ആയിരം പേര്‍ മാത്രമാണ് മിനയില്‍ സംഗമിച്ചത്. മിന താഴ്‌വരയില്‍ ഒരുക്കുന്ന ടെന്റുകള്‍ക്ക് പകരം ഹാജിമാര്‍ ഇത്തവണ കെട്ടിടങ്ങളിലാണ് താമസിക്കുന്നത്.

Related Articles