Current Date

Search
Close this search box.
Search
Close this search box.

ചരിത്രം രചിച്ച് 2020ലെ പരിശുദ്ധ ഹജ്ജിന് തുടക്കം

മക്ക: ലോക മുസ്‌ലിംകളുടെ പുണ്യതീര്‍ത്ഥാടന കര്‍മമായ പരിശുദ്ധ ഹജ്ജിന് പുതിയ ചരിത്രം രചിച്ച് തുടക്കമായി. ലോകമെങ്ങും കോവിഡ് പകര്‍ച്ചവ്യാധിയുടെ പിടിയിലകപ്പെട്ട് നില്‍ക്കുന്ന വേളയിലാണ് ഈ വര്‍ഷം ഹജ്ജ് കടന്നു വന്നത്. അതിനാല്‍ തന്നെ മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ പൂര്‍ണമായും ഒഴിവാക്കി ആഭ്യന്തര തീര്‍ത്ഥാടകരെ മാത്രം ഉള്‍പ്പെടുത്തിയാണ് ബുധനാഴ്ച ഹജ്ജ് കര്‍മങ്ങള്‍ക്ക് സമാരംഭം കുറിച്ചത്. ആറ് മീറ്റര്‍ അകലം പാലിച്ച് കഅ്ബയെ പ്രദിക്ഷണം വെക്കുന്ന ത്വവാഫ് കര്‍മങ്ങളോടെയാണ് ഇത്തവണ ഹജ്ജ് ചരിത്രത്തില്‍ ഇടം പിടിച്ചത്.

ഇതിനായി പ്രത്യേകം ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്. അഞ്ചു മാസത്തെ ഇടവേളക്കു ശേഷമാണ് മസ്ജിദുല്‍ ഹറം പരിസരം വിശ്വാസികള്‍ക്കായി തുറന്നു നല്‍കിയത്. 25 ലക്ഷത്തോളം വിശ്വാസികള്‍ സംഗമിക്കുന്ന പരിശുദ്ധ ഭൂമി വിജനമായി ഹജ്ജിന് സാക്ഷ്യം വഹിക്കുന്ന അപൂര്‍വ ചടങ്ങ് കൂടിയായി മാറിയിരിക്കുകയാണ് ഇത്തവണത്തെ ഹജ്ജ്.

പൂര്‍ണമായും കോവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. 20 പേര്‍ വീതമുള്ള സംഘങ്ങളായാണ് തീര്‍ത്ഥാടകര്‍ മക്കയിലെത്തിയത്. ഇന്ന് പകലും രാത്രിയും മിനയില്‍ കഴിച്ചുകൂട്ടുന്ന തീര്‍ത്ഥാടകര്‍ നാളെ രാവിലെ അറഫ സംഗമത്തിനായി പുറപ്പെടും. ഹജ്ജ് കര്‍മങ്ങളിലും താമസസ്ഥലങ്ങളിലും കൃത്യമായ സാമൂഹിക അകലവും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പ്രത്യേക നിരീക്ഷണങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സുരക്ഷ സേനയും വളണ്ടിയര്‍മാരും 24 മണിക്കൂറും കര്‍മനിരതരായി രംഗത്തുണ്ട്. മക്കയും പരിസര പ്രദേശങ്ങളും പൂര്‍ണമായി അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്.

 

സൗദിയില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ തെരഞ്ഞെടുത്ത ആയിരം പേര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരം നല്‍കിയത്. ഇതില്‍ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. ഒരുപാട് സവിശേഷതകളോടെയാണ് 2020ലെ ഹജ്ജ് കര്‍മ്മങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ഹജ്ജിന്റെ ആത്മാവ് എന്നറിയപ്പെടുന്ന ഹജ്ജിലെ പ്രധാന കര്‍മമായ അറഫ സംഗമം നാളെ(വ്യാഴാഴ്ച)യാണ്. ഹജ്ജിന് മുന്‍പും ശേഷവും ഹാജിമാര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.

Related Articles