Current Date

Search
Close this search box.
Search
Close this search box.

ലിബിയ: ഹഫ്തര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏഴ് മരണം

ട്രിപ്പോളി: ലിബിയയില്‍ ഖലീഫ ഹഫ്തറിന്റെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് സിവിലയന്മാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ അംഗീകൃത സര്‍ക്കാരായ ജി.എന്‍.എ അറിയിച്ചു. തലസ്ഥാനം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഹഫ്തര്‍ സൈന്യം തുടരുന്ന ഷെല്ലാക്രമണത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസവും ആക്രമണം നടന്നത്. ജി.എന്‍.എ ആരോഗ്യമന്ത്രാലയം വക്താവ് അമീന്‍ അല്‍ ഹാഷ്മിയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രിയാണ് ഷെല്ലാക്രമണം നടന്നത്. കഴിഞ്ഞയാഴ്ചയും മേഖലയില്‍ ഷെല്ലാക്രമണം നടന്നിരുന്നു.

ലിബിയയില്‍ ഈ വര്‍ഷം ഇതുവരെയായി ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രം നടന്നത് 17 ആക്രമണങ്ങളെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തലസ്ഥാനമായ ട്രിപ്പോളിയിലും സമീപ പ്രദേശങ്ങളിലും നടന്ന വ്യോമാക്രമങ്ങളിലാണ് വിവിധ ആശുപത്രികളടക്കം ആരോഗ്യ സ്ഥാപനങ്ങള്‍ തകര്‍ന്നത്. ഈ മാസം മാത്രം ട്രിപ്പോളിയയില്‍ ആഭ്യന്തര യുദ്ധത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 66 സിവിലിയന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011 മുഅമ്മര്‍ ഖദ്ദാഫിയുടെ പതനത്തോടെയാണ് രാജ്യത്ത് ആഭ്യന്തര കലഹം രൂക്ഷമായത്. ജി.എന്‍.എ,എല്‍.എന്‍.എ എന്നീ രണ്ട് വിഭാഗം സര്‍ക്കാരുകളാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്.

Related Articles