Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് കപ്പ്: ഉപരോധത്തിനിടെ ഇന്ന് ഖത്തര്‍-യു.എ.ഇ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും

ദോഹ: ദോഹയില്‍ വെച്ച് നടക്കുന്ന 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ മേഖലയിലെ എതിരാളികളായ യു.എ.ഇയും ഖത്തറും തിങ്കളാഴ്ച നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഖത്തറിനെതിരെ യു.എ.ഇ അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യത്തിന്റെയും ദേശീയ ടീമുകള്‍ മുഖാമുഖം കൊമ്പുകോര്‍ക്കുന്നത്. അതിനാല്‍ തന്നെ ദോഹയിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം വൈകീട്ട് 5.30ന് (ഇന്ത്യന്‍ സമയം രാത്രി 8) നടക്കുന്ന മത്സരം തീപ്പാറും പോരാട്ടമാകും. നോക്കൗണ്ട് റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നിന്നും സെമിഫൈനല്‍ സ്വപ്‌നം കണ്ടാണ് ഇരു രാജ്യങ്ങളും ഇന്ന് പോരിനിറങ്ങുന്നത്.

ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഖത്തര്‍. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കും രണ്ട് കളിയില്‍ ഒരു ജയവും ഒരു തോല്‍വിയുമായി മൂന്ന് പോയിന്റാണുള്ളത്. രണ്ട് ജയവുമായി ഇറാഖ് ആണ് ഒന്നാം സ്ഥാനത്ത്. അവസാന മത്സരത്തില്‍ യെമനിനെ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ഏഷ്യന്‍ കപ്പ് ചാംപ്യന്‍മാര്‍ കൂടിയായ ഖത്തര്‍ യു.എ.ഇയെ നേരിടാനൊരുങ്ങുന്നത്. ഗോള്‍ ശരാശരിയില്‍ മുന്നില്‍ ഖത്തര്‍ ആയതിനാല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഖത്തറിന് സമനില നേടിയാല്‍ സെമിയില്‍ പ്രവേശിക്കാം. എന്നാല്‍ യു.എ.ഇക്ക് ജയം അനിവാര്യമാണ്. ഇരു രാജ്യങ്ങളും ഇറാഖിനോട് പരാജയപ്പെടുകയും യെമനിനെതിരെ വിജയം നേടുകയുമാണ് ചെയ്തിട്ടുള്ളത്.

ഉപരോധം മൂലം നേരത്തെ മത്സരത്തില്‍ പങ്കെടുക്കില്ലെന്നാണ് യു.എ.ഇ,സൗദി,ബഹ്‌റൈന്‍ ടീമുകള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ രണ്ടു വര്‍ഷത്തെ ഉപരോധത്തിനു ശേഷം സൗദി,യു.എ.ഇ വിമാനങ്ങള്‍ ആദ്യമായി ഖത്തര്‍ വിമാനത്താവളത്തിലിറങ്ങിയിരുന്നു. 2017 ജൂണിലാണ് സൗദി,യു.എ.ഇ,ഈജിപ്ത്,ബഹ്‌റൈന്‍ എന്നിവര്‍ ഖത്തറിനെതിരെ കര,വ്യോമ,നാവിക മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്.

Related Articles