Current Date

Search
Close this search box.
Search
Close this search box.

ഒമിക്രോണ്‍: യാത്ര നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

റിയാദ്: കോവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിയെത്തുടര്‍ന്ന് യാത്ര നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സൗദി, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍. ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നും അങ്ങോട്ടും ഉള്ള വിമാന സര്‍വീസുകള്‍ എല്ലാ രാജ്യങ്ങളും റദ്ദാക്കുകയും യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മേല്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുകയും ക്വാറന്റൈന്‍ നടപടികള്‍ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഖത്തറില്‍ വാക്‌സിനെടുത്തവരാണെങ്കില്‍ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും അല്ലെങ്കില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാണ്. കുവൈത്തും ബഹ്‌റൈനും 11 രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കുവൈത്ത് നേരത്തെ യാത്ര നിരോധനത്തിന് ഏര്‍പ്പെടുത്തിയ റെഡ് ലിസ്റ്റ് സംവിധാനം പുനസ്ഥാപിക്കുകയാണ് ചെയ്തത്.

മൊറോക്കോ രണ്ടാഴ്ചത്തേക്ക് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. സൗദി അറേബ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി റദ്ദാക്കി. മലാവി, സാംബിയ, മഡഗാസ്‌കര്‍, അംഗോള, സേഷെല്‍സ്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് ഞായറാഴ്ച മുതല്‍ നിര്‍ത്തിവെച്ചത്.

സൗത്ത് ആഫ്രിക്ക, നമീബിയ, ബോത്‌സ്വാന, സിംബാംബ്‌വേ, മൊസാംബിക്, ലിസോതോ, എസ്വാതിനി എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായും വെള്ളിയാഴ്ച സൗദി അറിയിച്ചിരുന്നു. ഇത്തരം രാജ്യങ്ങളുടെ പട്ടിക വരും ദിവസങ്ങളില്‍ നീളാനും സാധ്യതയുണ്ട്.

അതേസമയം, അടുത്ത ശനിയാഴ്ച മുതല്‍ കോവിഡ് -19 വാക്‌സിന്‍ ഒരു ഡോസ് സ്വീകരിച്ച എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നേരിട്ട് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles