Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്

ദോഹ: 2017ല്‍ ഖത്തറിനെതിരെ നാല് അയല്‍രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തുന്നതിന് മുന്‍പ് ഖത്തറിനെ ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയും യു.എ.ഇയും ഈജിപ്തും രണ്ട് ഘട്ടമായി തങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ജസീറ അറബിക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഒന്നാമത്തെ ആക്രമണം ഖത്തരി തെരുവില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നതും, രണ്ടാമത്തേത് സൈനിക ആക്രമണം നടത്താനുമായിരുന്നു പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘യഥാര്‍ത്ഥത്തില്‍ അത് വെറും ഒരു കേവല ലക്ഷ്യം മാത്രമായിരുന്നില്ല, ഖത്തറിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ പറഞ്ഞു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരോധമേര്‍പ്പെടുത്തുന്നതിന് മുന്‍പ് സൗദിയും ഖത്തറും തമ്മില്‍ വിവിധ പ്രതിസന്ധി നിലനിന്നിരുന്നു. നിര്‍ണ്ണായക വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ഖത്തര്‍ പ്രതിരോധ മന്ത്രി അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

വസ്തുതകളും നിരീക്ഷണങ്ങളും നടത്തിയ ശേഷമാണ് യു.എസ് പ്രസിഡന്റ് ട്രംപ് സൗദിയുടെ നേതൃത്വത്തിലുള്ള ഉപരോധത്തിന് പിന്തുണ നല്‍കാതിരുന്നതെന്നും പരസ്പര ബഹുമാനവും പൊതുതാല്‍പര്യങ്ങളും അടിസ്ഥാനമാക്കി യു.എസും ഖത്തറും തമ്മില്‍ നയതതന്ത്രപരമായ സഖ്യം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2017 ജൂണിലാണ് ഖത്തറിനെതിരെ അയല്‍രാജ്യങ്ങളായ യു.എ.ഇ,സൗദി,ബഹ്‌റൈന്‍,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വ്യോമ,കര,നാവിക മേഖലകളില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്. ഭീകരവാദമടക്കമുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എന്നാല്‍ ആരോപണങ്ങളെല്ലാം ഖത്തര്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യു.എന്നിന്റെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നും അടുത്തിടെ ഖത്തറിനനുകൂലമായി വിധി വന്നിരുന്നു.

Related Articles