Current Date

Search
Close this search box.
Search
Close this search box.

സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കണം: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: എന്‍ പി ആറുമായി ബന്ധിപ്പിച്ച് സെന്‍സസ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കം നിര്‍ത്തിവെക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വികസനത്തിന്റെ അവകാശികളെ കണ്ടെത്താനും സന്തുലിത സാമൂഹിക പുരോഗതി ഉറപ്പുവരുത്താനുമുള്ള നടപടിയാണ് സെന്‍സസ്.

ഇത് എന്‍ പി ആറുമായി ബന്ധിപ്പിക്കുന്നതിനെ ജനങ്ങള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. സുപ്രധാനമായ സെന്‍സസ് നടപടി അവതാളത്തിലാകാനും ജനകീയ പ്രതിഷേധം ഉയര്‍ന്നുവരാനും മാത്രമേ കേന്ദ്ര സര്‍ക്കാര്‍ നിലപാട് സഹായകമാവൂ. എന്‍ പി ആറുമായി ബന്ധപ്പെടുത്തിയ സെന്‍സസ് മാത്രമേ സംസ്ഥാനത്തും നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ എന്ന കാര്യം വ്യക്തമാണ്. രണ്ടിനുമായി ഒരേ ആപ്പാണ് തയാറാക്കിയിരിക്കുന്നത്. ഇത് വഴി ജനങ്ങളെ കബളിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്‍ പി ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ കേരളത്തില്‍ ചോദിക്കുകയില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം തൃപ്തികരമല്ല.

സെന്‍സസ് നടപടികള്‍ക്കായി ഉദ്യോഗസ്ഥരെ നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലായിരിക്കും. സെന്‍സസ് വിവരങ്ങളുപയോഗിച്ച് കേന്ദ്രസര്‍ക്കാറിന് എന്‍ ആര്‍ സി നടപ്പിലാക്കാവുന്നതേയുള്ളൂവെന്നും സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. എന്‍ പി ആറുമായി ബന്ധിപ്പിക്കപ്പെട്ട സെന്‍സസ് നടപ്പിലാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാവണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനവികാരത്തോടൊപ്പം നില്‍ക്കുകയും എന്‍ പി ആര്‍ നടപ്പിലാക്കില്ലെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സെന്‍സസ് ഡയറക്ടേറ്റിലും കേന്ദ്രസര്‍ക്കറിലും ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി ടി അബ്ദുല്ലക്കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

Related Articles