Current Date

Search
Close this search box.
Search
Close this search box.

ഗോവയില്‍ ബലിപെരുന്നാളിന് മുന്‍പായി മീറ്റ് കോംപ്ലക്‌സ് തുറക്കും: മന്ത്രി

പനാജി: ഗോവയില്‍ ബലിപെരുന്നാളിനു മുന്‍പായി മീറ്റ് കോംപ്ലക്‌സ് (അറവുശാല) ആരംഭിക്കുമെന്ന് ഗോവ വ്യവസായ മന്ത്രി വിജയ് സര്‍േദശായി പറഞ്ഞു. മുസ്‌ലിം സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് പെരുന്നാളിന് മുന്‍പായി മതാചാര പ്രകാരം മൃഗങ്ങളെ ബലി അറുക്കാന്‍ മീറ്റ് കോംപ്ലക്‌സ് ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയത്.

ഓഗസ്റ്റ് 21നു മുന്‍പായി കോംപ്ലക്‌സ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സംഘടന പ്രതിനിധികള്‍ സര്‍ദേശായിയുമായി ചര്‍ച്ച നടത്തിയിരുന്നു. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഖുര്‍ബാനി ആരംഭിക്കുന്നതിന്റെ മുന്നോടിയായി മുസ്‌ലിം സമുദായ നേതാക്കള്‍ തന്നെ സന്ദര്‍ശിച്ചിരുന്നെന്നും മീറ്റ് കോംപ്ലക്‌സിനുള്ള നിയമനടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കിത്തരണമെന്ന് അവര്‍ അപേക്ഷിച്ചതായും മന്ത്രി എ.എന്‍.ഐയോട് പറഞ്ഞു. അവര്‍ക്ക് എന്‍.ഒ.സി നല്‍കുമെന്നും മതപരമായ ചടങ്ങുകള്‍ക്ക് ഞങ്ങള്‍ തടസ്സം നില്‍ക്കില്ലെന്നും പുറമെ നിന്ന് ആരും അത് തടസ്സപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വര്‍ഷവും ഈദിനു മുന്‍പായി അധികൃതര്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ തങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടെന്ന് ആള്‍ ഗോവ മുസ്‌ലിം കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ ശെയ്ഖ് പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക പൊതു അറവുശാലയാണ് ഗോവ മീറ്റ് കോംപ്ലക്‌സ്. കേസിനെത്തുടര്‍ന്ന് കഴിഞ്ഞ ഏറെ മാസങ്ങളായി ഇത് അടച്ചിട്ടതായിരുന്നു.

Related Articles