Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി: പ്രതികളുടെ വിചാരണ സൗദിയിലെന്ന് വിദേശകാര്യ മന്ത്രി

റിയാദ്: ഇസ്താംബൂള്‍ എംബസിയില്‍ സൗദി അധികൃതരാല്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ വിചാരണ സൗദിയില്‍ വെച്ച് തന്നെ നടത്തുമെന്ന് മന്ത്രി.

സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കുറ്റവാളികളെ തുര്‍ക്കിക്ക് കൈമാറണമെന്നും വിചാരണ ഇവിടെ വെച്ച് നടത്തണമെന്നും നേരത്തെ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സൗദി നിരസിക്കുകയും തുര്‍ക്കിയെ ആദില്‍ ജുബൈര്‍ വിമര്‍ശിക്കുകയും ചെയ്തു. ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ ഉയര്‍ന്നു വന്ന ചര്‍ച്ചകളെയും അദ്ദേഹം വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്നും അന്വേഷണത്തിന് സമയമെടുക്കുമെന്നും വസ്തുതകള്‍ വെളിച്ചത്തുകൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതികളായ 18 പേരെയും സൗദിയില്‍ വെച്ച് തന്നെ വിചാരണ നടത്തും. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും തങ്ങള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ വെച്ച് നടന്ന ഡയലോഗ് സെക്യൂരിറ്റി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, തുര്‍ക്കി സൗദിയുടെ നല്ല ഒരു സുഹൃത് രാഷ്ട്രമാണെന്നും തങ്ങള്‍ ഇരുവരും തമ്മില്‍ മികച്ച വ്യാപാര നിക്ഷേപ ബന്ധങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Related Articles