Current Date

Search
Close this search box.
Search
Close this search box.

ഖറദാവിക്ക് വിട ചൊല്ലി ആയിരങ്ങള്‍; ചിത്രങ്ങള്‍ കാണാം

ദോഹ: തിങ്കളാഴ്ച അന്തരിച്ച വിഖ്യാത ആഗോള പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ. യൂസുഫുല്‍ ഖറദാവിക്ക് വിട ചൊല്ലി പതിനായിരങ്ങള്‍. ചൊവ്വാഴ്ച അസര്‍ നമസ്‌കാരാനന്തരം ദോഹയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ വെച്ചാണ് മയ്യിത്ത് നമസ്‌കാരം നടന്നത്. തുടര്‍ന്ന് അബൂ ഹാമൂറില്‍ വെച്ച് ഖബറടക്ക ചടങ്ങുകളും നടന്നു. ആയിരങ്ങളാണ് മസ്ജിദിലേക്കും അബൂ ഹമൂറിലേക്കും ഒഴുകിയെത്തിയത്. ഖറദാവിക്കു വേണ്ടി പ്രാര്‍ത്ഥിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തു അവര്‍ കണ്ണീരോടെ മഹാപണ്ഡിതന് വിട ചൊല്ലി.

മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും ഖത്തറിന്റെയും തുര്‍ക്കിയുടെയും ഫലസ്തീന്റെയും ഔദ്യോഗിക നേതാക്കള്‍ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, അദ്ദേഹത്തിന്റെ പ്രതിനിധികളായ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി ഖാലിദ് ബിന്‍ ഖലീഫ അല്‍താനി, ധനകാര്യ മന്ത്രി ഗനീം ബിന്‍ ഷഹീന്‍ അല്‍ ഗനീം,ഹമാസ് രാഷ്ട്രീയ കാര്യവിഭാഗം തലവന്‍ ഇസ്മാഈല്‍ ഹനിയ്യ, ഹമാസ് വിദേശകാര്യ വക്താവ് ഖാലിദ് മിഷ്അല്‍,തുര്‍ക്കി മതകാര്യ വിഭാഗം തലവന്‍ അലി ഇര്‍ബാഷ് തുടങ്ങിയവര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു. മയ്യിത്ത് നസ്‌കാരത്തിന് മുതിര്‍ന്ന പണ്ഡിതര്‍ നേതൃത്വം നല്‍കി. സ്ത്രീകള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്‌കാരത്തിന് വീടിന് സമീപം പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ദോഹയില്‍ വെച്ചായിരുന്നു ഖറദാവിയുടെ അന്ത്യം. 96 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ഖത്തറില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ആഗോള മുസ്ലിം പണ്ഡിത വേദിയുടെ മുന്‍ അധ്യക്ഷനായ അദ്ദേഹം മുസ്ലിം ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവ് കൂടിയായിരുന്നു. 1926 സെപ്റ്റംബര്‍ ഒന്‍പതിന് ഈജിപ്തിലെ സിഫ്ത് തുറാബ് ഗ്രാമത്തിലായിരുന്നു ജനനം. 1961 മുതല്‍ ഖത്തറില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

 

 

Related Articles