Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാന്റെ പ്രസ്താവന: അംബാസിഡറെ തിരിച്ചുവിളിച്ച് ഫ്രാന്‍സ്

പാരിസ്: ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ച് ഫ്രാന്‍സ് രംഗത്ത്. തുര്‍ക്കിയിലെ ഫ്രാന്‍സ് എംബസിയില്‍ നിന്ന് തങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിക്കുന്നതായി ഫ്രാന്‍സ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്‌ലാം വിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ച മാക്രോണിന്റെ മാനസിക നില പരിശോധിച്ച് മതിയായ ചികിത്സ നല്‍കണമെന്നാണ് കഴിഞ്ഞ ദിവസം ഉര്‍ദുഗാന്‍ തുറന്നടിച്ചത്. ‘മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്‍മാര്‍ ഉള്‍പ്പെടുന്ന സമൂഹത്തോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെക്കുറിച്ച് എന്താണ് പറയാന്‍ കഴിയുക? ഒന്നാമതായി അദ്ദേഹം മാനസിക പരിശോധന നടത്തുക എന്നല്ലാതെ എന്ത് പറയാന്‍’-കയ്സേരി നഗരത്തില്‍ ശനിയാഴ്ച നടന്ന യോഗത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്ലാമും മുസ്ലിംകളുമായി മാക്രോണ്‍ എന്ന വ്യക്തിക്ക് എന്താണ് പ്രശ്‌നമെന്നും ഉര്‍ദുഗാന്‍ ചോദിച്ചു.

തുടര്‍ന്ന് അസാധാരണമായ നടപടിയാണ് ഫ്രാന്‍സിന്റെ ഭാഗത്തു നിന്നുമുണ്ടായത്. വിഷയത്തില്‍ കൂടിയാലോചനകള്‍ നടത്താനും മാക്രോണെ കാണാനും വേണ്ടി ഇസ്താംബൂളിലെ ഫ്രാന്‍സ് അംബാസിഡറെ തിരിച്ചുവിളിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു.

പ്രസിഡന്റ് എര്‍ദോഗന്റെ അഭിപ്രായങ്ങള്‍ സ്വീകാര്യമല്ല. അമിതാവേശവും പരുഷതയും നല്ലതല്ല. ഉര്‍ദുഗാന്‍ തന്റെ നയത്തിന്റെ ശൈലി മാറ്റണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, കാരണം ഇത് എല്ലാ അര്‍ത്ഥത്തിലും അപകടകരമാണ്- പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‌ലാമെന്ന് മാക്രോണ്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നത്. ഫ്രാന്‍സില്‍ ആരാധനാലയങ്ങളെയും സര്‍ക്കാറിനെയും വേര്‍തിരിച്ചുനിര്‍ത്തുന്ന 1905ലെ നിയമം ശക്തമാക്കുന്നതിന് ബില്‍ അവതരിപ്പിക്കുമെന്നും പള്ളികള്‍ വിദേശ സഹായം സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മാക്രോണ്‍ പറഞ്ഞിരുന്നു.

ഫ്രാന്‍സില്‍ നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും മുസ്‌ലിംകള്‍ക്ക് ഹിജാബ് ധരിക്കുന്നതിന് നിരോധമുണ്ട്. മാക്രോണിന്റെ ഇസ്ലാം വിരുദ്ധ നിലപാടുകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഖത്തറും കുവൈത്തും തുര്‍ക്കിയും ആഹ്വാനം ചെയ്തിരുന്നു.

Related Articles