Current Date

Search
Close this search box.
Search
Close this search box.

കന്തൂറയും ഹിജാബും അണിഞ്ഞ് ഖത്തറിന്റെ വസ്ത്ര പാരമ്പര്യം ഏറ്റെടുത്ത് വിദേശ ആരാധകര്‍- വീഡിയോ

ദോഹ: ഖത്തറില്‍ ലോകകപ്പ് ആരംഭിക്കുന്നതിനു മുന്‍പേ യൂറോപ്യന്‍ രാജ്യങ്ങളില്‍ അവിടുത്തെ മാധ്യമങ്ങളിലൂടെ വ്യാപകമായ വിദ്വേഷപ്രചാരണങ്ങളും വ്യാജ വാര്‍ത്തകളുമായിരുന്നു പ്രചരിച്ചിരുന്നത്. അതില്‍ ഖത്തറിന്റെ വിവിധ മേഖലകളില്‍ അവര്‍ പിന്തുടരുന്ന പരമ്പരാഗത സംസ്‌കാരത്തെയുമെല്ലാം പരിഹസിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് ആരംഭിച്ച് 10 നാള്‍ പിന്നിടുമ്പോഴേക്കും ഈ യൂറോപ്യന്‍ നാടുകളില്‍ നിന്നെത്തിയ ഫുട്‌ബോള്‍ ആരാധകരുടെ മനം നിറച്ചിരിക്കുകയാണ് ഖത്തറെന്ന കൊച്ചു രാഷ്ട്രം.

മത്സരം വീക്ഷിക്കാനെത്തിയവര്‍ക്ക് ഖത്തറിന്റെ സംസ്‌കാരവും പാരമ്പര്യവും ആചാരങ്ങളും അടുത്തറിയാനുള്ള നിരവധി അവസരങ്ങളാണ് ഭരണകൂടവും വിവിധ സംഘടനകളും ഒരുക്കിയിരിക്കുന്നത്. മ്യൂസിയങ്ങളും പ്രദര്‍ശന സ്റ്റാളുകളുമെല്ലാം ഇതില്‍ പെടും.

ഇപ്പോഴിതാ ഖത്തരികളുടെ പരമ്പരാഗത വേഷമായ കന്തൂറയും സ്ത്രീകളുടെ ഹിജാബും അണിഞ്ഞ് പരീക്ഷണം നടത്തുകയാണ് ആരാധകര്‍. വിവിധ വ്‌ളോഗര്‍മാരാണ് ലോകകപ്പിനെത്തിയ ആരാധകരോട് കന്തൂറയും ഹിജാബും ധരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുകയും താല്‍പര്യമുള്ളവര്‍ക്ക് അവര്‍ തന്നെ വസത്രം അണിയിച്ച് കൊടുക്കുകയും ചെയ്യുന്നത്. പലരും ഈ വസ്ത്രം ധരിച്ച് തന്നെ തങ്ങളുടെ ദേശീയ പതാകയുമേന്തി സ്റ്റേഡിയത്തിലും ഹോട്ടലുകളിലും എത്തുന്നുണ്ട്.

പലരും അറബ് വേഷം ധരിച്ചതിന് ശേമുള്ള തങ്ങളുടെ രൂപമാറ്റം കണ്ട് ആശ്ചര്യപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചില പാശ്ചാത്യ-യൂറോപ്യന്‍ വനിതകള്‍ തങ്ങളുടെ ജീവിതത്തില്‍ ആദ്യമായാണ് ഹിജാബ് ധരിക്കുന്നതെന്നും ഇതിന് മുന്‍പ് ഇത്തരത്തില്‍ അവസരം കിട്ടിയില്ലെന്നും പറഞ്ഞ് സന്തോഷക്കണ്ണീര്‍ പൊയിക്കുന്നതും വീഡിയോവില്‍ കാണാം.

അറബ് പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രധാരണമായ വെള്ള നിറത്തിലുള്ള നീളന്‍ ജുബ്ബയും തലയിലെ കഫിയ്യയും കറുത്ത നിറത്തില്‍ തലയില്‍ ചുറ്റുന്ന അഗലുമെല്ലാമാണ് വിദേശികളെയും പരിചയപ്പെടുത്തുന്നത്. ഇതു പോലെ സ്ത്രീകള്‍ക്ക് ഹിജാബ് പിന്‍ ചെയ്യാനും മഫ്ത ധരിക്കാനും ഷാള്‍ ചുറ്റാനുമെല്ലാം വനിതകളും പഠിപ്പിച്ചു കൊടുക്കുന്നതും കാണാം. ചൈന, കാനഡ, ഇറ്റലി, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ഈ പരിശ്രമത്തിന് തയാറായി മുന്നോട്ടു വന്നത്.

‘നമ്മുടെ സംസ്‌കാരം അവര്‍ സ്വീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും വളരെ സന്തോഷകരമായ മറുപടിയാണ് അവരില്‍ നിന്നും ലഭിക്കുന്നതെന്നും’ ഖത്തരി വ്‌ളോഗര്‍മാര്‍ പറയുന്നു. ‘ഇതാണ് ഈ ലോകകപ്പിലൂടെ ഞങ്ങള്‍ ലോകത്തിന് കാണിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഞങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് നേരിട്ടനുഭവിക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെയെന്നും’ ഖത്തരിയായ മുഹമ്മദ് തമീം പറഞ്ഞു.

 

Related Articles