Current Date

Search
Close this search box.
Search
Close this search box.

ലെബനാനില്‍ കോളിളക്കം സൃഷ്ടിച്ച് റൊണാള്‍ഡീന്യോയുടെ സന്ദര്‍ശനം

ബെയ്‌റൂത്ത്: ബെയ്‌റൂത്ത് സ്‌ഫോടനം നടന്ന് ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ലെബനാന്‍ സന്ദര്‍ശിക്കുന്ന പ്രമുഖ മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീന്യോക്ക് വന്‍ സ്വീകാര്യത. അദ്ദേഹത്തിന്റെ സന്ദര്‍ശനം സോഷ്യല്‍ മീഡിയയിലും ബെയ്‌റൂത് നഗരത്തിലും ഒരുപോലെ കോളിളക്കം സൃഷ്ടിച്ചു.

ജൂലൈ 28നാണ് റൊണാള്‍ഡീന്യോ ബെയ്‌റൂത്തിലെത്തുന്നത്. 2020ലെ കൂറ്റന്‍ സ്‌ഫോടനത്തിനിരയായവര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കുവാന്‍ വേണ്ടിയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ബെയ്‌റൂത്തില്‍ സന്നദ്ധ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വിവിധ സംഘടനകളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ വാഗ്ദാനം നല്‍കുകയും ചെയ്തു.

വ്യാഴാഴ്ച ബെയ്‌റൂത് അഗ്നിശമന സേനയുടെ ആസ്ഥാനത്തെത്തിയ അദ്ദേഹം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇരകള്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകരും അദ്ദേഹത്തെ സ്വീകരിക്കാന്‍ അവിടെയെത്തിയിരുന്നു.

അതേസമയം, സംഭവസ്ഥലത്ത് തിക്കും തിരക്കും ഉണ്ടായി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ച സ്‌ഫോടനത്തില്‍ 200ലധികം പേരാണ് കൊല്ലപ്പെട്ടത്. ബെയ്‌റൂത് തുറമുഖത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിന് തീപിടിക്കുകയായിരുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളും ഫ്‌ളാറ്റുകളും വീടുകളും തകര്‍ന്നടിഞ്ഞിരുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന് മൂന്ന് ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ലെബനാന്‍ സാമ്പത്തികമായി തകരുകയും ചെയ്തിരുന്നു.

Related Articles