Current Date

Search
Close this search box.
Search
Close this search box.

എന്‍.പി.ആര്‍ ട്രയല്‍ സെന്‍സസ് ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കുന്ന ദേശീയ ജനസംഖ്യ കണക്കെടുപ്പും കാനേഷുമാരിയും ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആദ്യഘട്ടത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓരോ ഗ്രാമത്തിലെയും ഒരു ബ്ലോക്കില്‍ ട്രയല്‍ നടത്തും.

50 മുതല്‍ 60 വരെയുള്ള വീടുകള്‍ ആണ് ഒരു ബ്ലോക്കില്‍ ഉണ്ടാവുക. ആദ്യത്തില്‍ വീടുകള്‍ ലിസ്റ്റ് ചെയ്ത് ഭവന സെന്‍സസാണ് നടത്തുക. ഇതിന്റെ കൂടെ എന്‍.പി.ആര്‍ പരിഷ്‌കരിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിന് തുടങ്ങാനായിരുന്നു നേരത്തെ പദ്ധതിയുണ്ടായിരുന്നത്. എന്നാല്‍ കോവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഈ വര്‍ഷവും പ്രധാന സര്‍വേ നടത്താന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ട്രയല്‍ അടുത്ത ഏപ്രില്‍ അവസാനത്തോടെ നടത്താനാണ് തീരുമാനം.

ദേശീയ തലത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന പൗരത്വ രജിസ്റ്ററിന്റെ അടിസ്ഥാനമാണ് എന്‍.പി.ആര്‍ എന്നാണ് വ്യാപകമായി ഉയര്‍ന്ന ആരോപണം. വിവാദമായ ദേശീയ പൗരത്വ ഭേദഗതി നിയമത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണിത്. അതിനാല്‍ തന്നെ ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും അരങ്ങേറിയിരുന്നു. കോവിഡ് ശമിച്ചാല്‍ ഉടന്‍ തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവര്‍ത്തിച്ചിരുന്നു.

ആപ്ലിക്കേഷനില്‍ വീടുകളുടെ പട്ടിക, സെന്‍സസ്, എന്‍.പി.ആര്‍ എന്നിവ അടിസ്ഥാനമാക്കിയുളള ചോദ്യാവലികള്‍ അടങ്ങിയിരിക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ദി ഹിന്ദുവിനോട് പറഞ്ഞു. ഇതിനു ശേഷമാകും ജനസംഖ്യ വിവരശേഖരണം നടത്തുക.

Related Articles