Current Date

Search
Close this search box.
Search
Close this search box.

എസ്.ഐ.ഒ ‘Festival of Ideas and Resiatance’ ഡിസംബര്‍ 27 മുതല്‍

കോഴിക്കോട്: ആധിപത്യ ആശയങ്ങളോട് വിസമ്മതത്തിന്റെ പുതിയ രാഷ്ട്രീയം പറയുക, വിജ്ഞാന-രാഷ്ട്രീയത്തിന്റെ പുതിയ സംവാദങ്ങള്‍ തുറന്നിടുക എന്ന ലക്ഷ്യത്തോടെ എസ്.ഐ.ഒവിന്റെയും ക്യാമ്പസ് അലൈവിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് ഡിസംബര്‍ 27 മുതല്‍ 29വരെ ‘Festival of Ideas and Resiatance’ എന്ന പേരില്‍ വൈജ്ഞാനിക സംവാദങ്ങളുടെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. കോഴിക്കോട് കടപ്പുറത്തെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിലാണ് മൂന്ന് ദിവസത്തെ ഫെസ്റ്റിവല്‍ ഒരുക്കുന്നത്.ഫെസ്റ്റിവലിന്റെ ഔദ്യോഗിക പ്രഖ്യാപനം സിനിമ സംവിധായകന്‍ പാ രഞ്ജിത്ത് നിര്‍വ്വഹിച്ചു.

ദലിത്-ആദിവാസി-മുസ്ലിം ജനവിഭാഗങ്ങളെക്കുറിച്ച് പലതരം വാര്‍പ്പു മാതൃകകളാണ് ഇവിടെയുള്ള മുഖ്യധാരാ വിജ്ഞാനങ്ങളും കലകളും ഉല്‍പാദിപ്പിച്ചിട്ടുള്ളതെന്നും അവയെ തിരുത്തിയെഴുതാന്‍ ഇത്തരം ജനവിഭാഗങ്ങളില്‍ നിന്നുണ്ടാകുന്ന ആത്മാര്‍ഥമായ പരിശ്രമങ്ങളുടെ ഭാഗമാണ് എസ്.ഐ.ഒ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിറ്റന്‍സ് എന്നും പാ രഞ്ജിത്ത് പറഞ്ഞു. ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബുറ്ഹമാന്‍ നിര്‍വ്വഹിച്ചു.

Festival of Ideas and Resiatanceന്റെ ലോഗോ പ്രകാശനം ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍ നിര്‍വ്വഹിക്കുന്നു.

വിജ്ഞാനം, സിദ്ധാന്തം, രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം, കല-സാഹിത്യം തുടങ്ങിയ മേഖലകളില്‍ വൈജ്ഞാനിക ചര്‍ച്ചകള്‍, സംഭഷണങ്ങള്‍, സംവാദങ്ങള്‍, നിരൂപണങ്ങള്‍, കലാ പ്രകടനങ്ങള്‍ തുടങ്ങിയവക്കൊപ്പം ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍, എക്‌സ്‌പോ, കള്‍ച്ചറല്‍ ഇവന്റസ് എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

ആശയ സംവാദങ്ങളുടെയും സാംസ്‌കാരികോത്സവങ്ങളുടെയും മുഖ്യധാര വേദികളില്‍ നിന്നും അകറ്റപ്പെടുന്ന, എന്നാല്‍ വിജ്ഞാന രാഷ്ട്രീയത്തിന്റെയും സാമൂഹിക നീതിയുടെയും പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന നൂറോളം അതിഥികള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. അക്കാദമീഷ്യര്‍, എഴുത്തുകാര്‍, സമുദായ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, കല-സാഹിത്യ-സിനിമ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലെ ദേശീയ -അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കാളിത്തം വഹിക്കുന്ന ഈ ആശയോത്സവത്തില്‍ വിദ്യാഭ്യാസ, മാധ്യമ, കല, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ സംരംഭങ്ങളും വ്യത്യസ്തങ്ങളായ രീതിയില്‍ സഹകരിക്കുന്നുണ്ട്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി ചെയര്‍മാനും,ജനറല്‍ സെക്രട്ടറി ബിനാസ് ടി.എ വൈസ് ചെയര്‍മാനുമായ ഫെസ്റ്റിവലിന്റെ ഡയറക്ടര്‍ ആന്‍ഡ് ക്യുറേറ്റര്‍ ഷിയാസ് പെരുമാതുറയാണ്. എസ് ഐ ഒ സംസ്ഥാന സമിതിയംഗം ഷമീര്‍ ബാബു ജനറല്‍ കണ്‍വീനറുമാണ്.

 

Related Articles