Current Date

Search
Close this search box.
Search
Close this search box.

ഓസ്‌ട്രേലിയയിലെ ആദ്യ ഹിജാബി സെനറ്റര്‍ ഫാത്തിമ പേമാന്റെ വിശേഷങ്ങള്‍

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ചരിത്രം കുറിച്ച് ആദ്യത്തെ മുസ്ലിം-ഹിജാബി സെനറ്റര്‍ ആയി അധികാരത്തിലേറിയ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ ഫാത്തിമ പേമാന്റെ ജീവിത കഥ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 27കാരിയായ ഫാത്തിമ നടത്തിയ പ്രസംഗങ്ങളും അഭിപ്രായപ്രകടനങ്ങളും ഓസ്‌ട്രേലിയയിലും അന്താരാഷ്ട്ര തലത്തിലും പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരുന്നു. 2018ല്‍ യുണൈറ്റഡ് വര്‍ക്കേഴ്‌സ് യൂണിയന്റെ ഓര്‍ഗനൈസര്‍ ആയിരുന്നു. കൂടാതെ എഡ്മണ്ട് റൈസ് എഡ്യൂക്കേഷന്‍ ഓസ്ട്രേലിയയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്നു. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ജനിച്ച അവര്‍ക്ക് 2005-ല്‍ ഓസ്ട്രേലിയന്‍ പൗരത്വം ലഭിച്ചു.

ജൂലൈ 27നായിരുന്നു ഫാത്തിമ ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ അഫ്ഗാന്‍- ഓസ്ട്രേലിയന്‍ പൗരയും, നിലവിലെ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കൂടിയാണ് ഫാത്തിമ പേമാന്‍. 1999ല്‍ ഒരു അഭയാര്‍ത്ഥിയായി ഓസ്‌ട്രേലിയയില്‍ വരുകയും തുടര്‍ന്ന് ഇമിഗ്രേഷന്‍ തടങ്കലില്‍ അടയ്ക്കപ്പെടുകയും ചെയ്തയാളായിരുന്നു പിതാവ് അബ്ദുല്‍ പേമാന്‍. ടാക്സി ഡ്രൈവറായും, സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്താണ് പിതാവ് കുടുംബം പുലര്‍ത്തിയിരുന്നത്. ഫാത്തിമയുടെ പിതാവ് അബ്ദുല്‍ പേമാന്‍ ഓസ്‌ട്രേലിയയില്‍ എത്തി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2003ല്‍ തനിക്ക് എട്ട് വയസുളളപ്പോഴാണ് ഉമ്മക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം ഫാത്തിമ ഓസ്‌ട്രേലിയയിലെത്തുന്നത്.

ആദ്യമായി അവര്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗം വൈറലായിരുന്നു. അവര്‍ അഫ്ഗാനില്‍ നിന്നും ഓസ്‌ട്രേലിയയില്‍ വന്നെത്തിയതിന്റെ കഥകളും അവരുടെ കുടുംബ പശ്ചാതലവുമെല്ലാമാണ് അവര്‍ പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നത്. കേള്‍ക്കുന്നവര്‍ക്ക്് ആവേശം ജനിപ്പിക്കുന്ന അര മണിക്കൂര്‍ നേരത്തെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് സദസ്സിനെ അഭിസംബോധന ചെയ്തത്. ‘തന്റെ രാഷ്ട്രീയത്തിലേക്കുള്ള യാത്രയെ പിന്തുണച്ചവരോട് നന്ദി പറയുകയും തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്തതിന് ‘ഈ മനോഹരമായ രാജ്യത്തിന്’ നന്ദി അറിയിക്കുകയും ചെയ്യുന്നു’. ഓസ്ട്രേലിയയിലെ വംശീയ വിവേചനത്തെക്കുറിച്ചും ‘മറ്റുള്ളവവരെ’ പോലെ എന്ന് തന്നെ വിശേഷിപ്പിച്ചതിനെക്കുറിച്ചും പേമാന്‍ ധൈര്യത്തോടെ സംസാരിച്ചു. സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ ഹിജാബ് ധരിച്ചതിന് അവര്‍ സഹപാഠിയുടെ പരിഹാസത്തിനിരയായ അനുഭവവും അവര്‍ വിവരിച്ചു. ഈ അനുഭവങ്ങളാണ് ഓസ്ട്രേലിയയിലെ ‘മാനുഷികവും ശുഭാപ്തിവിശ്വാസമുള്ളതുമായ കുടിയേറ്റം’ എന്ന തന്റെ അഭിപ്രായത്തെ രൂപപ്പെടുത്തിയെന്നും മതാന്ധത, വിവേചനം, വംശീയത എന്നിവ അവസാനിപ്പിക്കണമെന്നും പേമാന്‍ ആഹ്വാനം ചെയ്തു.

‘ഇത് നിരവധി ആളുകള്‍ക്ക് ധാരാളം വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒരു രാജ്യമാണ്’ അവര്‍ പറഞ്ഞു. ”ഓസ്ട്രേലിയയെ തങ്ങളുടെ വീടാക്കാനുള്ള പ്രതീക്ഷയില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് യാത്ര ചെയ്യുന്നു. എനിക്കും എന്റെ കുടുംബത്തിനും അതേ പ്രതീക്ഷയാണുണ്ടായിരുന്നത്. ചില സമയങ്ങളില്‍, ഈ അറയില്‍ പോലും, അന്യമത വിദ്വേഷം അതിന്റെ വൃത്തികെട്ട രൂപത്തില്‍ തല ഉയര്‍ത്തിയപ്പോള്‍ നമ്മുടെ കുടിയേറ്റ ജനതയെക്കുറിച്ച് ഭയം ജനിപ്പിക്കുന്നതും ഭിന്നിപ്പിക്കുന്നതുമായ വികാരങ്ങളും പങ്കുവെക്കപ്പെട്ടു. എന്നാല്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് മനുഷ്യത്വപരവും ശുഭാപ്തിവിശ്വാസമുള്ളതുമായ ഒരു കുടിയേറ്റം ആവശ്യമാണെന്ന ലളിതമായ സത്യം അവശേഷിക്കുന്നു,’ അവര്‍ പറഞ്ഞു.

വംശമോ ലിംഗഭേദമോ മറ്റ് മുന്‍വിധികളോ പരിഗണിക്കാതെ, അവര്‍ എവിടെയാണ് താമസിക്കുന്നത്, തുടങ്ങിയ വ്യത്യാസങ്ങള്‍ അവരെ ഒഴിവാക്കലിനുള്ള അടിസ്ഥാനമാക്കാതെ,എല്ലാവരെയും പങ്കിടാന്‍ കഴിയുന്ന ഒരു രാജ്യത്തെയാണ് താന്‍ അന്വേഷിക്കുന്നതെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിന്റെ പ്രസംഗവും ഫാത്തിമ പ്രസംഗത്തില്‍ ഉദ്ധരിച്ചു.

സാംസ്‌കാരിക വൈവിധ്യം ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ അഭിമാനത്തില്‍ ഒതുക്കുന്നതാവരുത്. മറിച്ച്, ഒരു രാഷ്ട്രമെന്ന നിലയില്‍ നാം സഹവസിക്കുന്നതും പരസ്പരം കരുതിക്കൊണ്ടും നാം ആരാണെന്നും നമുക്ക് എന്തായിത്തീരാമെന്നും പരസ്പരം അംഗീകരിച്ചുകൊണ്ട് അതിനെ പൂര്‍ണ്ണമായും സ്വീകരിക്കണമെന്നും അവര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles