Current Date

Search
Close this search box.
Search
Close this search box.

ഏഴു മാസത്തിനു ശേഷം ഫാറൂഖ് അബ്ദുല്ല മോചിതനാകുന്നു

ശ്രീനഗര്‍: കഴിഞ്ഞ ഏഴു മാസമായി വീട്ടുതടങ്കലിലടച്ച ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഉടന്‍ മോചിതനാകും. വെള്ളിയാഴ്ച ജമ്മു-കശ്മീര്‍ ഭരണകൂടമാണ് അദ്ദേഹത്തിന്റെ വീട്ടുതടങ്കല്‍ പിന്‍വലിച്ചതായി അറിയിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലീന്‍ കാബ്രയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ അബ്ദുല്ലയുടെ മകള്‍ സഫിയ അബ്ദുല്ല ഖാനും ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.

അദ്ദേഹത്തിന്റെ മകന്‍ ഉമര്‍ അബ്ദുല്ലയും മറ്റു നേതാക്കളുമൊത്ത് 2019 ഓഗസ്റ്റ് 5 മുതല്‍ അദ്ദേഹം ശ്രീനഗറില്‍ വീട്ടുതടങ്കലിലായിരുന്നു. ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് പൊതുസുരക്ഷാ നിയമപ്രകാരം 83കാരനായ അബ്ദുല്ലയെ തടവിലാക്കിയത്. സബ്ജയിലായി പ്രഖ്യാപിച്ച ശ്രീനഗറിലെ സ്വന്തം വീട്ടിലാണ് ഫാറൂഖ് അബ്ദുല്ലയെ അടച്ചിരുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും എം.പിയുമാണ് ഫാറൂഖ് അബ്ദുല്ല.

അതേസമയം, മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെല്ലാം ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെയാണ്. സാധാരണ രീതിയില്‍ തീവ്രവാദികള്‍ക്കും വിഘടന വാദി നേതാക്കള്‍ക്കുമെതിരെ പ്രയോഗിക്കുന്ന രണ്ട് വര്‍ഷം വിചാരണ കൂടാതെ തടവിലടക്കുന്ന നിയമമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് നേരെ പ്രയോഗിച്ചിരിക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത് ദേശീയ-അന്താരാഷ്ട്ര തലത്തില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Related Articles