പാരിസ്: 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള യൂറോപ്യന്‍ യൂണിയന്റെ റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കാന്‍ വിസമ്മതിച്ച് യൂറോപ്യന്‍ യൂണിയന്‍.
ഒന്ന് ഭാഗികമായും മറ്റൊന്ന് പൂര്‍ണ്ണമായും പരസ്യപ്പെടുത്താനാണ് ഇ.യു വിസമ്മതിച്ചത്. ഇന്ത്യയും ഇ.യുവും തമ്മിലുള്ള ബന്ധത്തെ അത് ബാധിക്കുമെന്ന് പറഞ്ഞാണ് ഇങ്ങനെ ചെയ്തതെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു.
2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ചുള്ള യൂറോപ്യന്‍ യൂണിയന്‍ മിഷന്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഡച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെറാര്‍ഡ് ഓങ്ക് ഏജന്‍സിക്ക് കത്തെഴുതിയപ്പോഴായിരുന്നു ഈ മറുപടി. യൂറോപ്യന്‍ യൂണിയന്റെ യൂറോപ്യന്‍ എക്സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസിലെ ഒരു ഉദ്യോഗസ്ഥനാണ് ഇങ്ങനെ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സംഭവം നടന്ന് ഇപ്പോള്‍ 20 വര്‍ഷമായി, റിപ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ ബന്ധങ്ങളുടെ ചരിത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്, അനിശ്ചിതമായി അത് മൂടിവെക്കാന്‍ കഴിയില്ലെന്നും ഒങ്ക് പറഞ്ഞു. 2002ല്‍ ഗുജറാത്തില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തെക്കുറിച്ച് യു.കെ സര്‍ക്കാരും അന്വേഷണം നടത്തിയിരുന്നു.
2002 ഫെബ്രുവരിയില്‍ കലാപത്തിനിടെ മൂന്ന് ദിവസത്തിനുള്ളില്‍ 1000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു. ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കലാപത്തിലുള്ള പങ്കിനെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയില്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
.വിഎച്ച്പിയും സഖ്യകക്ഷികളും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തിച്ചത്,സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിച്ച ശിക്ഷാരഹിതമായ കാലാവസ്ഥയില്ലാതെ അവര്‍ക്ക് ഇത്രയധികം നാശനഷ്ടങ്ങള്‍ വരുത്താന്‍ കഴിയുമായിരുന്നില്ല. മുഖ്യമന്ത്രി നരേന്ദ്ര മോദി ഇതിന് നേരിട്ട് ഉത്തരവാദിയാണ് എന്നെല്ലാം യുകെ സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്.