Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി 59 മില്യണ്‍ ഡോളറിന്റെ സഹായവുമായി യൂറോപ്യന്‍ യൂണിയന്‍

ദമസ്‌കസ്: സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി 59 മില്യണ്‍ ഡോളറിന്റെ സഹായഹസ്തവുമായി യൂറോപ്യന്‍ യൂണിയന്‍. തുര്‍ക്കിയിലുള്ള അഭയാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള സാങ്കേതിക സഹായമാണ് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളുള്ള എട്ട് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് പിന്തുണ നല്‍കുന്നത്. അനദോലുവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഈ പദ്ധതി പ്രകാരം 10,000ല്‍ അധികം സിറിയന്‍, തുര്‍ക്കിഷ് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് സഹായകമാവുമെന്നും ഇത് തുര്‍ക്കിയുമായുള്ള സാമൂഹിക സാമ്പത്തിക ഏകീകരണം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങളും അനുഭവങ്ങളും വര്‍ദ്ധിപ്പിച്ച് തൊഴില്‍ പരിശീലനത്തെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇസ്താംബുള്‍, ബര്‍സ, ഗാസിയാന്‍ടെപ്പ്, കിളിസ്, സാന്‍ലിയൂര്‍ഫ, മെര്‍സിന്‍, അദാന, ഹതേ എന്നീ സംസ്ഥാനങ്ങളിലെ 55 വൊക്കേഷണല്‍ സ്‌കൂളുകളിലാണ് പുതിയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുക. നേരത്തെയും യൂറോപ്യന്‍ യൂണിയന്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

 

 

Related Articles