Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധവുമായി യൂറോപ്യന്‍ യൂണിയന്‍

ബൈറൂത്ത്: ലബനാന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് നിയമപരമായ ചട്ടം സ്വീകരിച്ചതായി യൂറോപ്യന്‍ യൂണിയന്‍. അഴിമതി വാങ്ങുക, സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സം നില്‍ക്കുക, സാമ്പത്തിക പരിഷ്‌കരണം തടയുക തുടങ്ങിയ കാര്യങ്ങളില്‍ പങ്കാളിയാകുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി കൈകൊള്ളുന്നത്. ബൈറൂത്ത് തുറമുഖ സ്‌ഫോടനം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി ഹസ്സാന്‍ ദിയാബ് രാജിവെച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ പ്രതിസന്ധി തുടരുകയാണ്.

ലിസ്റ്റ് ചെയ്യപ്പെടുന്ന ലബനാന്‍ ഉദ്യഗസ്ഥരുടെ യൂറോപ്യന്‍ യാത്ര വിലക്കുകയും, സ്വത്ത് മരവിപ്പിക്കുകയും ചെയ്യുന്നതാണ്. ഒപ്പം, യൂറോപ്യന്‍ സ്ഥാപനങ്ങളും വ്യക്തികളും അവര്‍ക്ക് സമ്പത്ത് ലഭ്യമാക്കുന്നത് തടയപ്പെടുന്നതാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വെള്ളിയാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നിലവിലെ പ്രതിസന്ധിയില്‍ നിന്ന് ശാശ്വതമായി പുറത്തുകടക്കാനും, രാജ്യത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ, നിയമ, സമ്പദ്‌വ്യവസ്ഥ, സാമൂഹിക, മാനുഷിക സാഹചര്യത്തോട് പ്രതികരിക്കാനും യൂറോപ്യന്‍ യൂണിയന്‍ അതിന്റെ നയപരമായ സംവിധാനങ്ങളും ഉപയോഗപ്പെടുത്താന്‍ സന്നദ്ധമാണെന്ന് ഇ.യു പറഞ്ഞു.

ഒരാളുടെയും പേരും ഇതുവരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഉപരോധം ഏര്‍പ്പെടുത്തേണ്ട ലബനാന്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ തീരുമാനിക്കുന്നതിന് അംഗ രാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇ.യു വൃത്തങ്ങള്‍ അല്‍ജസീറയോട് പറഞ്ഞു. ഉപരോധമേര്‍പ്പെടുത്തുന്നതിന് യൂറോപ്യന്‍ യൂണിയനിലെ 27 അംഗ രാഷ്ട്രങ്ങള്‍ ഏകകണ്ഠമായി വോട്ട് ചെയ്യണം.

Related Articles