Current Date

Search
Close this search box.
Search
Close this search box.

വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കോഴിക്കോട്: എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവത്തിക്കാനും പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യമന്ത്രിക്കു കത്തയച്ചു.

ഇപ്പോഴുള്ള നിയന്ത്രങ്ങള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതും കൂടുതല്‍ പേര്‍ തൊഴി ലെടുക്കുന്നതുമായ വ്യാപാര മേഖലയെ തകര്‍ക്കാന്‍ മാത്രമേ സഹായിക്കൂ. കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണ് കടകളില്‍ നശിക്കുന്നത്. നിരവധി വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്. വ്യാപാരികളുടെ വായ്പ, വാടക തുടങ്ങിയ ബാധ്യതകളില്‍ ഇളവ് ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണം. ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് വേണ്ടത്. കുറഞ്ഞ ദിവസങ്ങള്‍ മാത്രം സമയ പരിധിവെച്ച് തുറന്നു കൊടുക്കുമ്പോള്‍ ജനം ആ ദിവസങ്ങളിലെ നിശ്ചിത സമയങ്ങളില്‍ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ പല സ്ഥലങ്ങളിലും പോലീസിന്റെ വേട്ടയാടലും പിഴ ചുമത്തലും തകൃതിയായി നടക്കുന്നു. നിസ്സാര കാര്യത്തിന് പോലും പിഴ ചുമത്തുന്നു. വൈരുധ്യങ്ങളുടെ ടി.പി. ആര്‍ കണക്കാക്കിയാണ് സര്‍ക്കാര്‍ ഓരോ പ്രദേശങ്ങളെയും കാറ്റഗറി തരംതിരിക്കുന്നത്.

ശാസ്ത്രീയ പഠനങ്ങളോ മാനദണ്ഡങ്ങളോ ഇല്ലാതെ നടപ്പിലാക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ ഗുണത്തെക്കാള്‍ ഏറെ ദോഷമേ ഉണ്ടാക്കൂ. കോവിഡ് വ്യാപനം കൂട്ടാന്‍ ഇത്തരം അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ഇടയാക്കുന്നുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.

കേരളം ഒഴികെ ഉള്ള സംസ്ഥാനങ്ങളില്‍ ടി.പി.ആര്‍ കുറഞ്ഞു വരുമ്പോള്‍ കേരളം ഇന്ത്യയില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പരിശോധിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നടന്ന മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സംസ്ഥാനവും നടപ്പിലാക്കണമെന്നും എം.പി കത്തില്‍ ആവശ്യപ്പെട്ടു.

Related Articles