Current Date

Search
Close this search box.
Search
Close this search box.

യു.എസിന് ഡോളറുണ്ട്, ഞങ്ങള്‍ക്ക് നമ്മുടെ ദൈവമുണ്ട്: ഉര്‍ദുഗാന്‍

അങ്കാറ: യു.എസ് ഡോളറിന്റെ മുന്നില്‍ തുര്‍ക്കിയുടെ കറന്‍സിയായ ലിറയുടെ മൂല്യം തകര്‍ന്നതില്‍ പ്രതികരണവുമായി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്ത്. യു.എസുമായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ തുര്‍ക്കിക്ക് യാതൊരു ഭയവുമില്ലെന്നും അമേരിക്കക്ക് ഡോളറുണ്ടെങ്കില്‍ നമുക്ക് ഞങ്ങളുടെ ദൈവമുണ്ടെന്നായിരുന്നു ഉര്‍ദുഗാന്റെ പ്രതികരണം.

വെള്ളിയാഴ്ച യു.എസ് ഡോളറിന് മുന്നില്‍ ലിറയുടെ മൂല്യം 6 ആയിട്ട് താഴ്ന്നിരുന്നു. തുര്‍ക്കിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി തുര്‍ക്കിയുടെ പ്രതിനിധികള്‍ വാഷിങ്ടണില്‍ ചര്‍ച്ച നടത്തി മടങ്ങിയതിനു പിന്നാലെയാണ് മൂല്യം വീണ്ടുമിടിഞ്ഞത്.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നേരത്തെ ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. രാജ്യത്തിനെതിരെ നിരവധി പ്രക്ഷോഭ പരിപാടികളും അരങ്ങേറുന്നതിനിടെയാണ് ഉര്‍ദുഗാന്റെ പ്രതികരണം. ”രാജ്യത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ ശ്രദ്ധിക്കേണ്ടതില്ല. അവര്‍ക്ക് അവരുടെ ഡോളറുണ്ടെങ്കില്‍ നമുക്ക് നമ്മുടെ ജനങ്ങളും ദൈവവും ഉണ്ടെന്ന് ഒരിക്കലും മറക്കരുത്. ഞങ്ങള്‍ കഠിനമായി പരിശ്രമിക്കും. 16 വര്‍ഷം മുന്‍പ് ഞങ്ങളെങ്ങനെയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണെന്നും നിങ്ങള്‍ നോക്കൂ” ഉര്‍ദുഗാന്‍ പറഞ്ഞു.

തുര്‍ക്കി ജയിലിലടച്ച യു.എസ് വൈദികന്‍ ആന്‍ഡ്രൂ ബ്രന്‍സനെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചാണ് യു.എസ് തുര്‍ക്കിക്കു മേലെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. ചാരവൃത്തിയിലേര്‍പ്പെട്ടതിനും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനുമാണ് അമേരിക്കന്‍ മത പുരോഹിതനെ തുര്‍ക്കി അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. ബ്രന്‍സനെ വിട്ടയച്ചില്ലെങ്കില്‍ ഉപരോധമടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപിന്റെ ഭീഷണിയെ തുര്‍ക്കി തള്ളിക്കളഞ്ഞിരുന്നു.

Related Articles