Current Date

Search
Close this search box.
Search
Close this search box.

ജര്‍മനിയിലെ ഉര്‍ദുഗാന്റെ പ്രതിമ നീക്കം ചെയ്തു

ബെര്‍ലിന്‍: ജര്‍മന്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്ന തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ സ്വര്‍ണ്ണ പ്രതിമ പ്രതിഷേധങ്ങളെത്തുടര്‍ന്ന് നീക്കം ചെയ്തു. ഉര്‍ദുഗാനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നാണ് അധികൃതര്‍ പ്രതിമ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

ജര്‍മന്‍ നഗരമായ വീസ്ബാര്‍ഡനില്‍ ബിനാലെ ആര്‍ട് ഫെസ്റ്റിവലിന്റെ ഭാഗമായാണ് കലാകാരന്മാര്‍ പ്രതിമ നിര്‍മിച്ചത്. മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പ്രസിദ്ധമായ പ്രതിമയെ അനുസ്്മരിപ്പിക്കുന്ന തരത്തില്‍ വലതു ചൂണ്ടുവിരല്‍ ഉയര്‍ത്തിയ പ്രതിമയായിരുന്നു ഇത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ ക്രെയിനുപയോഗിച്ച് നാലു മീറ്റര്‍ നീളമുള്ള സ്വര്‍ണ്ണ പ്രതിമ നീക്കം ചെയ്തത്.

പൊലിസുമായുള്ള കരാറിനെത്തുടര്‍ന്ന് സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തിയാണ് പ്രതിമ നീക്കം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു മധ്യ ജര്‍മന്‍ നഗരത്തില്‍ ബിനാലെയുടെ ഭാഗമായി പ്രതിമ സ്ഥാപിച്ചത്. അതേസമയം, ഫെസ്റ്റിവലിന്റെ ഭാഗമായി സ്ഥാപിച്ച പ്രതിമയാണെന്നറിയാതെ ഒരു കൂട്ടര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles